Sunday, September 29, 2024
Saudi ArabiaTop Stories

പതിനയ്യായിരം രൂപയിൽ താഴെ മാത്രം ടിക്കറ്റിനു മുടക്കി 5 മണിക്കൂർ കൊണ്ട് പറന്നെത്താമായിരുന്ന സ്ഥാനത്ത് ഒരു ലക്ഷത്തിലധികം മുടക്കി 14 ദിവസം ഉലകം ചുറ്റി യാത്ര; സൗദി പ്രവാസികളുടെ ഈ ദുരിതത്തിനൊരു അവസാനമില്ലേ

ജിദ്ദ: ഒരു വർഷം മുംബ് പതിനയ്യായിരം രൂപയിൽ താഴെ മുടക്കിയാൽ വെറും അഞ്ച് മണിക്കൂർ കൊണ്ട് നാട്ടിൽ നിന്ന് പറന്നെത്താമായിരുന്ന സൗദി അറേബ്യയിലേക്കെത്താൻ പ്രവാസികൾ ഇപ്പോൾ മുടക്കുന്നത് ഒരു ലക്ഷത്തിനപ്പുറം തുക.

അതും ആഫ്രിക്കൻ, യൂറോപ്പ്യൻ രാജ്യങ്ങളടക്കം വിവിധ സ്ഥലങ്ങളിൽ 14 ദിവസത്തെ നിർബന്ധിത വന വാസം കഴിഞ്ഞതിനു ശേഷം മാത്രം.

നേരത്തെ രണ്ട് ലക്ഷത്തോളം രൂപ മുടക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഖത്തർ ഓപ്പൺ ആക്കിയതോടെ ഒരു ലക്ഷം രൂപ മുടക്കിയാൽ മതി എന്നൊരു സമാധാനം മാത്രമാണു കൈവന്നിട്ടുള്ളത്.

ഇനിയും എത്ര കാലം ഇത്തരത്തിൽ 14 ദിവസം മറ്റു രാജ്യങ്ങളിൽ കഴിഞ്ഞ് മടങ്ങുന്നത് തുടരും എന്നാണു പ്രവാസികൾ ചോദിക്കുന്നത്.

മറ്റു ഗൾഫ് രാജ്യങ്ങളെല്ലാം വിസയുള്ളവർക്ക് അതിർത്തികൾ പലപ്പോഴായി തുറന്നപ്പോഴും കഴിഞ്ഞ 16 മാസമായി ഇത് വരെ ഒരിക്കൽ പോലും നേരിട്ട് ഒരു സർവീസും സാധാരണ ജനങ്ങൾക്കായി സൗദിയിലേക്ക് നടന്നിട്ടില്ല എന്നതാണു വസ്തുത. ആരോഗ്യ മേഖലയിലുള്ളവർക്ക് മാത്രമേ ഇപ്പോഴും നേരിട്ട് പറക്കാൻ സാധിക്കുകയുള്ളൂ.

ലക്ഷക്കണക്കിനു പ്രവാസികൾ ജോലി ചെയ്യുന്ന സൗദി സെക്ടറിലേക്ക് നേരിട്ട് വിമാന സർവീസ് പുനരാരംഭിക്കാൻ കൊറോണ ഇത്ര തീവ്രമല്ലാതിരുന്ന സമയത്തും സാധ്യമായിരുന്നില്ലെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.

നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന അധികൃതരുടെ വാക്കുകൾ പ്രവാസികൾ കഴിഞ്ഞ ഒരു വർഷമായി പല തവണയായി കേട്ട് മടുത്തിരിക്കുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഏത് പ്രസ്താവനകളെയും അവഗണനയോടെ നോക്കിക്കാണാൻ പ്രവാസികൾ പഠിച്ച് കഴിഞ്ഞു.

മറ്റു ഗൾഫ് രാജ്യങ്ങൾക്കൊന്നും ഇല്ലാത്ത തരത്തിലുള്ള നിയന്ത്രണം എന്ത് കൊണ്ട് സൗദി സെക്ടറിലേക്ക് മാത്രം ഇന്ത്യയിൽ നിന്ന് നിലവിൽ വന്നു എന്നത് ഈ സാഹചര്യത്തിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

നാട്ടിലെ വിവിധ സംഘടനകൾ സൗദി പ്രവാസികളുടെ കാര്യത്തിൽ പരിഹാരത്തിനായി എത്രത്തോളം ഉത്സാഹം കാണിച്ചിട്ടുണ്ടെന്നും പ്രവാസികളോടുള്ള അവരുടെ സ്നേഹം യാഥാർഥ്യമായിരുന്നോ എന്നതുമെല്ലാം കഴിഞ്ഞ മാസങ്ങളിൽ പ്രവാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

അവധിയിൽ വന്ന് മടക്കയാത്ര മുടങ്ങി വിവിധ സംരഭങ്ങളിൽ ഏർപ്പെട്ട് വൻ തുക നഷ്ടം സംഭവിച്ചവർ, തൊഴിലവസരങ്ങൾ ഇല്ലാത്തത് കാരണം കടം വാങ്ങി ദിവസങ്ങൾ മുന്നോട്ട് പോകുന്നവർ തുടങ്ങി പ്രവാസികൾ വലിയ രീതിയിലുള്ള മാനസിക, സാംബത്തിക പ്രയാസങ്ങളിലാണു മുന്നോട്ട് പോകുന്നത്.

ഈ സാഹചര്യത്തിൽ ശക്തമായ നയതന്ത്ര ഇടപെടലുകൾ ഈ വിഷയത്തിൽ ഉണ്ടായാൽ മാത്രമേ സൗദി പ്രവാസികളുടെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുകയുള്ളൂ. പ്രസ്താവനകൾ കുറെ അടിച്ചിറക്കാതെ കാര്യക്ഷമമായ നയതന്ത്ര നീക്കങ്ങളാണു ഇനിയും ഈ വിഷയത്തിൽ ഉണ്ടാകേണ്ടത്. ചുരുങ്ങിയ പക്ഷം ഈ 14 ദിവസത്തെ ക്വാറൻ്റീൻ കുറഞ്ഞ ചിലവിൽ സൗദി അറേബ്യക്കുള്ളിൽ വെച്ചാക്കാനെങ്കിലും ശ്രമിക്കണമെന്നാണുപ്രവാസികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്