Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പോകാനിരിക്കുന്ന പ്രവാസികൾ കെണികളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിയിലേക്ക് മടങ്ങുന്ന പല ഗ്രൂപ്പുകളിലും പെട്ട നിരവധി പ്രവാസികൾ ഉന്നയിച്ച വിവിധ പരാതികൾ നമ്മൾ മീഡിയകൾ വഴി കണ്ടതാണ്.

ചിലർ യാത്ര പോകാനായി എയർപോർട്ടിലെത്തിയ ശേഷം വിമാനം കാൻസലായതിനാൽ വീട്ടിലേക്ക് മടങ്ങുന്നു, മറ്റു ചിലർ സൗദിയിലേക്ക് മടങ്ങുന്നതിനു മുംബ് 14 ദിവസം കഴിയേണ്ട രാജ്യത്ത് എത്തുംബോൾ ബുക്ക് ചെയ്ത് റൂമോ മര്യാദക്ക് ഭക്ഷണമോ കിട്ടാതെ നരകിക്കുന്നു, ഇങ്ങനെ തുടങ്ങി ചില ട്രാവൽ ഏജൻ്റുമാരുടെ പിടിപ്പ് കേട് കാരണം പ്രയാസം അനുഭവിച്ച നിരവധി പ്രവാസികളാണുള്ളത്.

ഭൂരിപക്ഷം ട്രാവൽ ഏജൻസികളും മികച്ച സേവനം നൽകുന്നുണ്ടെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ അത്തരം നല്ല ട്രാവൽ ഏജൻസികൾക്ക് പോലും വലിയ തിരിച്ചടിയായിരിക്കുകയാണു ചുരുക്കം ചില ട്രാവൽസുകാരുടെ മോശം നടപടിക്രമങ്ങൾ.

ഈ സാഹചര്യത്തിൽ പ്രവാസികൾ ഇനിയും ഒരു കെണിയിൽ പെടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

യാത്ര ചെയ്യാൻ പണം കൊടുക്കുന്നതിനു മുംബ് പ്രസ്തുത ട്രാവൽ ഏജൻസിയെക്കുറിച്ച് കുറച്ചാളുകളോട് അന്വേഷിക്കുക. അത് വ്യക്തികൾ വഴിയോ സോഷ്യൽ മീഡിയകളിലെ ഗ്രൂപുകൾ വഴിയോ എല്ലാം ആകാം.

ട്രാവൽ ഏജൻസികളിൽ നിന്ന് തന്നെ മുംബ് പോയ കുറച്ച് യാത്രക്കാരുടെ കോണ്ടാക്റ്റ് നംബർ വാങ്ങാൻ ശ്രമിക്കുക. അത് തരാൻ തയ്യാറല്ലെങ്കിൽ അത്തരം ട്രാവൽ ഏജൻസികളെ ഒഴിവാക്കുക. കാരണം തങ്ങളുടെ സർവീസ് ഹിസ്റ്ററി ഒകെ ആണെങ്കിൽ ഏത് ട്രാവൽ ഏജൻസിയും കോണ്ടാക്റ്റ് നംബറുകൾ നൽകാൻ മടി കാണിക്കില്ല.

ട്രാവൽ ഏജൻസികളുടെ പേരും പ്രശസ്തിയും ഒന്നും ഇവിടെ ഒരു സ്ഥാനവും അർഹിക്കുന്നില്ല. കാരണം ചില ലോക്കൽ ട്രാവൽ ഏജൻസികൾക്ക് പുറമെ പ്രമുഖ ട്രാവൽ ഏജൻസികൾ വരെ പ്രവാസികളെ പ്രയാസപ്പെടുത്തുന്നതിൽ പങ്കാളികളായിട്ടുണ്ട് എന്ന് അറേബ്യൻ മലയാളി.കോം നേരത്തെ പ്രസിദ്ധീകരിച്ച പല റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

പ്രധാനമായും പ്രവാസികൾ , ത്യാഗം അനുഭവിക്കാനല്ല നമ്മൾ ടൂറിസം വിസയിൽ പാക്കേജുകൾക്ക് വൻ തുക കൊടുത്ത് മറ്റു രാജ്യങ്ങളിലേക്ക് പറക്കുന്നത് എന്നത് ഓർക്കേണ്ടതുണ്ട് . കുറച്ചൊക്കെ ത്യാഗം സഹിക്കേണ്ട ഒരു ആവശ്യവുമില്ല. കാരണം നല്ല സൗകര്യത്തിനുള്ള പണം എണ്ണിക്കൊടുത്താണു നമ്മൾ പോകുന്നത്. അത് കൊണ്ട് തന്നെ പണം വാങ്ങിയവർ മികച്ച സൗകര്യം നൽകൽ നിർബന്ധവുമാണ്.

പണം നൽകുന്ന സമയം ഓഫർ ചെയ്ത വാഗ്ദാനങ്ങളിൽ ഏതെങ്കിലും രീതിയിൽ പോരായ്‌മ ഉണ്ടായാൽ അതിൻ്റെ നഷ്ടപരിഹാരം നൽകുമെന്ന് ട്രാവൽ ഏജൻസികളിൽ നിന്ന് ഉറപ്പ് വാങ്ങുക.

താമസമായാലും ഭക്ഷണമായാലും യാത്രയായാലും എണ്ണി വാങ്ങുന്ന പണത്തിനു അർഹമായ മൂല്യം നൽകേണ്ടത് ട്രാവൽ ഏജൻ്റുമാരുടെ കടമയാണെന്നോർക്കുക.(അതേ സമയം ഏതെങ്കിലും രാജ്യത്ത് നിന്ന് പെട്ടെന്ന് സൗദിയിലേക്കുള്ള യാത്രാ വിലക്കോ മറ്റോ വന്നാൽ അതിനു ട്രാവൽ ഏജൻസികളെ കുറ്റം പറയാൻ സാധിക്കില്ല).

അതോടൊപ്പം റീഫണ്ടബിൾ ടിക്കറ്റുകൾ എടുക്കുന്നത് ഒന്ന് കൂടെ നന്നാകും. കാരണം ഏതെങ്കിലും സാഹചര്യത്തിൽ മടങ്ങേണ്ട അവസ്ഥയുണ്ടായാൽ ഒരു ചെറിയ തുക മാത്രമേ നഷ്ടമാകുകയുള്ളൂ.

കഴിയുന്നതും ഏറ്റവും അടുത്ത പരിചയക്കാരിൽ നിന്ന് തന്നെ ടിക്കറ്റുകളും പാക്കേജുകളും കരസ്ഥമാക്കുന്നത് എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ നാട്ടിൽ നിന്നുള്ളവർക്ക് ബന്ധപ്പെടുന്നതിനും ഏറെ ഉപകാരപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്