മറ്റു രാജ്യങ്ങൾ വഴി പോകുന്ന സൗദി പ്രവാസികൾക്ക് പ്രതീക്ഷയേകി ഒമാൻ സിവിൽ ഏവിയേഷൻ്റെ സർക്കുലർ
കഴിഞ്ഞ ദിവസം ഒമാൻ ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണം ഒഴിവാക്കിയ വാർത്ത വന്നതിനു ശേഷം ഒമാൻ വഴി സൗദിയിലേക്ക് പറക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് നിരവധി പ്രവാസി സുഹൃത്തുക്കളാണ് അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നത്.
നിലവിൽ മറ്റു ചില രാജ്യങ്ങളിൽക്കൂടി പ്രവാസികൾ സൗദിയിലേക്ക് പറക്കുന്നുണ്ടെങ്കിലും ഒമാൻ വഴി യാത്ര സാധ്യമായാൽ അത് കൂടുതൽ സൗകര്യമാകുമെന്നതാണ് പ്രവാസികളെ ഒമാൻ വഴി പറക്കാൻ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലറിലെ വിവരങ്ങൾ പരിശോധിക്കുംബോൾ ഒമാൻ വഴി സൗദിയിലേക്കുള്ള യാത്ര സാധ്യമാകുമെന്ന് തന്നെയാണു മനസ്സിലാകുന്നത്.
സർക്കുലറിൽ രണ്ടാമതായി പരാമർശിക്കുന്ന കാര്യം ഒമാനി പൗരന്മാർക്കും, ഒമാനിലെ റെസിഡൻസിനും, ഒമാൻ വിസ ഉള്ളവർക്കും, ഓൺ അറൈവൽ വിസ ലഭിക്കുന്നവർക്കും വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കുന്നവർക്കുമെല്ലാം ഒമാനിലേക്ക് കൊറോണക്ക് മുമ്പുള്ളത് പോലെ പ്രവേശിക്കാം എന്നാണ്.
അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഒമാനിലേക്ക് വിസിറ്റിംഗിൽ പോയി അവിടെ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് തന്നെ കരുതാം. സർക്കുലറിലെ മറ്റു പ്രധാന അറിയിപ്പുകൾ താഴെ വിവരിക്കുന്നു:
ഒമാൻ അംഗീകരിച്ച വാക്സിൻ ഫുൾ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞായിരിക്കും പ്രവേശനം സാധ്യമാകുക.
അതോടൊപ്പം പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസൽറ്റും വാക്സിൻ സർട്ടിഫിക്കറ്റുകളുമായി എത്തുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ വെച്ചും ടെസ്റ്റ് നടത്തും. ടെസ്റ്റ് റിസൽട് വരും വരെ യാത്രക്കാർ ക്വാറൻ്റീനിൽ കഴിയണം. നിരീക്ഷണത്തിനായി ഒരു ഇലക്ട്രോണിക് ട്രാക്കിംഗ് ബ്രേസ് ലറ്റ് യാത്രക്കാർക്ക് നൽകും. എയർപോർട്ട് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറൻ്റീനിൽ കഴിയണം.
അതേ സമയം നേരത്തെ കോവിഡ് വന്ന് സുഖം പ്രാപിച്ചയാളാണെങ്കിൽ അയാൾക്ക് എയർപോർട്ട് ടെസ്റ്റിൽ പോസിറ്റീവ് ആണെങ്കിൽ പോലും ക്വാറൻ്റീനിൽ കഴിയേണ്ടതില്ല എന്നത് ശ്രദ്ധേയമാണ്. രോഗം വന്ന് സുഖം പ്രാപിച്ചത് എവിടെ നിന്നാണോ ആ രാജ്യത്ത് ഐസൊലേഷനിൽ കഴിഞ്ഞതിൻ്റെ സർട്ടിഫിക്കറ്റ് കാണിക്കണം എന്ന് മാത്രം.
18 വയസ്സിനു താഴെയുള്ള യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റും പിസിആർ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതില്ല. വാക്സിൻ സ്വീകരിക്കുന്നതിനു പ്രയാസമുള്ള രോഗികൾക്കും മെഡിക്കൽ പ്രൂഫ് ഹാജരാക്കിയാൽ ഇളവ് ലഭിക്കും.
സെപ്തംബർ 1 ബുധനാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്ന ഭേദഗതി പ്രാബല്യത്തിൽ വരികയെന്നും സർക്കുലറിൽ ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa