പുതിയ നിയന്ത്രണങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി; നാട്ടിലും സൗദിയിലും ഉള്ള പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു വിലക്കേർപ്പെടുത്തുന്ന നിയമം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഈ സാഹചര്യത്തിൽ നാട്ടിലും സൗദിയിലും ഉള്ള പ്രവാസികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പരാമർശിക്കുന്നു.
ഒക്ടോബർ 10 ഞായറാഴ്ച മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് മാത്രമേ വാണിജ്യ, ഗതാഗത, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്ഥാപനങ്ങളിൽ പ്രവേശിക്കാനും സാധിക്കുകയുള്ളൂ.
രണ്ട് ഡോസ് എടുക്കാത്തവർക്ക് തവക്കൽനായിൽ പത്താം തീയതി മുതൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കില്ല.ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവരുടെ സ്റ്റാറ്റസ് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ എന്ന് ആയിരിക്കും.
രോഗം വന്ന് സുഖം പ്രാപിച്ചത് നേരത്തെ സ്വാഭാവിക പ്രതിരോധ ശേഷിയായി പരിഗണിച്ചിരുന്നെങ്കിലും ഇനി മുതൽ രോഗം വന്ന് സുഖം പ്രാപിച്ചത് ഒരു ഹെൽത്ത് സ്റ്റാറ്റസ് ആയി പരിഗണിക്കുകയേ ഇല്ല. അത് കൊണ്ട് തന്നെ രോഗം വന്ന് സുഖം പ്രാപിച്ചതിനു ശേഷം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും അവരുടെ സ്റ്റാറ്റസ് ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർ എന്നായി മാറും.
ഒക്ടോബർ 10 മുതൽ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നതിനും ഉംറ നിർവ്വഹിക്കുന്നതിനുമെല്ലാം രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കൽ നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ച് കഴിഞ്ഞു.
ഈ പുതിയ സാഹചര്യത്തിൽ സൗദിയിലുള്ള പ്രവാസികൾ ഇനിയും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനു താമസം നേരിട്ടാൽ അത്യാവശ്യ കാര്യങ്ങൾക്ക്പുറത്തിറങ്ങാൻ തന്നെ സാധിക്കാതെ വരും.
അതേ സമയം നാട്ടിലുള്ള പ്രവാസികളിൽ പലരും ഇപ്പോഴും ഒരു ഡോസ് സ്വീകരിക്കുകയും രോഗം വന്ന് സുഖം പ്രാപിക്കുകയും ചെയ്തതിനാൽ തവക്കൽനായിൽ ഫുൾ ഇമ്യൂൺ ആണെന്ന സമാധാനത്തിൽ നിൽക്കുന്നുണ്ടെന്ന് അറേബ്യൻ മലയാളിയുമായി പലരും നടത്തിയ സംശയ നിവാരണങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
തവക്കൽനായിൽ ഫുൾ ഇമ്യൂൺ കാണിക്കുന്നുണ്ടെങ്കിൽ പോലും രോഗം വന്ന് സുഖം പ്രാപിച്ചത് ഇനി പരിഗണിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതിനാൽ ഒരു ഡോസ് കൂടി സ്വീകരിച്ച് ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷിക്കുകയാണു ബുദ്ധി.
നിലവിൽ മുഖീമിൽ ഒരു ഡോസ് സ്വീകരിച്ചവർക്കും ഇമ്യൂൺ ആയ നിലയിൽ പ്രിൻ്റ് ഔട്ട് ലഭിക്കുമെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാൽ രണ്ട് ഡോസ് തന്നെ സ്വീകരിക്കാതെ പ്രിൻ്റ് ഔട്ട് ലഭിക്കുമോ എന്നത് പറയാൻ സാധിക്കില്ല.
അതോടൊപ്പം സിവിൽ ഏവിയേഷൻ ഈ നിമിഷം വരെ രണ്ട് ഡോസ് വാക്സിൻ എടുത്ത് ഫുൾ ഇമ്യൂൺ ആയവർക്ക് മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ അത്തരത്തിൽ ഒരു സർക്കുലർ പുതിയ സാഹചര്യത്തിൽ പ്രതീക്ഷിക്കാവുന്നതും ആണ്.
പല പ്രവാസികളും ഫൈസർ എടുത്തതിനാൽ നാട്ടിൽ നിന്ന് സെകൻഡ് ഡോസ് ആയി കോവിഷീൽഡ് ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞിരുന്നു. എന്നാൽ അറേബ്യൻ മലയാളിയൂടെ അന്വേഷണത്തിൽ ഫൈസർ എടുത്ത നിരവധി പ്രവാസികൾക്ക് സെക്കൻഡ് ഡോസ് ആയി കോവിഷീൽഡ് ലഭിച്ചിട്ടുണ്ടെന്നും അവർ സൗദിയിൽ നിന്നെടുത്ത ഫൈസറിൻ്റെയും നാട്ടിൽ നിന്നെടുത്ത കോവിഷീൽഡിൻ്റെയും സർട്ടിഫിക്കറ്റുകൾ ചേർത്ത് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷിച്ച് ഫുൾ ഇമ്യൂൺ ആയതായും അറിയാൻ സാധിച്ചിട്ടുണ്ട്. അതിനുള്ള മാർഗങ്ങൾ ബന്ധപ്പെട്ടവരുമായി ആരായുക.
ചില പ്രവാസികൾ സെക്കൻഡ് ഡോസ് നാട്ടിൽ നിന്ന് എടുത്തിട്ടും തവക്കൽനായിൽ ഇമ്യൂൺ ആകാനായി അപേക്ഷിക്കാതിരിക്കുന്നവരും ഉണ്ട്. ഇവരും നിലവിലെ ഇമ്യൂൺ സ്റ്റാറ്റസിൻ്റെ സമാധാനത്തിലാണു അത്തരത്തിൽ പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരക്കാരും എത്രയും പെട്ടെന്ന് സെകൻഡ് ഡോസ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് ഫുൾ ഡോസ് ഇമ്യൂൺ ആകാതിരിക്കുന്നത് വലിയ അബദ്ധമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa