Monday, November 25, 2024
Saudi ArabiaTop Stories

ഇപ്പോൾ സൗദിയിലേക്ക് കുറഞ്ഞ ചെലവിലും മികച്ച ക്വാറൻ്റീൻ സൗകര്യത്തോട് കൂടെയും ക്വാറൻ്റീൻ ഇല്ലാതെയും മടങ്ങാൻ ചെയ്യേണ്ടത്.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പോകാൻ അവസരമുണ്ടെങ്കിലും എയർ ബബിൾ കരാർ ഇത് വരെ തീരുമാനമായിട്ടില്ലെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് പോകാൻ പ്രവാസികൾക്ക് തെരഞ്ഞെടുക്കാവുന്ന ഉചിതമായ മാർഗം ഏതാണെന്ന് നിരവധി പ്രവാസികൾ സംശയം ഉന്നയിക്കുന്നുണ്ട്.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരാണെങ്കിൽ യാതൊരു ആശയക്കുഴപ്പവുമില്ലാതെ നേരിട്ടുള്ള ചാർട്ടേഡ് വിമാനത്തിലോ അല്ലെങ്കിൽ യു എ ഇ പോലുള്ള ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ട മറ്റു രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാന സർവീസുകൾ വഴിയോ മടങ്ങാൻ സാധിക്കും. ഇപ്പോൾ ചാർട്ടേഡ് വിമാനങ്ങളേക്കാൾ കുറവ് ടിക്കറ്റ് നിരക്ക് മറ്റു ജിസിസി രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കാണെന്നതിനാൽ അത് തിരഞ്ഞെടുക്കുന്നതാകും ചിലവ് കുറക്കാൻ നല്ലത്.

അതേ സമയം നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും തീരെ വാക്സിനെടുക്കാത്തവർക്കും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കും സൗദിയിലേക്ക് മടങ്ങുന്ന വിഷയത്തിലാണിപ്പോൾ ചോദ്യങ്ങൾ ഉയരുന്നത്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും സൗദിയിലെത്തി അഞ്ച് ദിവസത്തെ ക്വാറൻ്റീൻ സഹിതവും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലെത്തി 3 ദിവസത്തെ ക്വാറൻ്റീൻ സഹിതവും നിലവിൽ സൗദിയിലേക്ക് നേരിട്ട് പറക്കാൻ അവസരമൂണ്ട്.

എന്നാൽ പല ചാർട്ടേഡ് വിമാനങ്ങളും നേരിട്ട് മടങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കണ്ടപ്പോൾ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം കൂട്ടിയിട്ടുണ്ട്. അതോടൊപ്പം സൗദിയിലെ അവരുടെ തന്നെ ക്വാറൻ്റീൻ സൗകര്യം ഉപയോഗിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്നതായാണു റിപ്പോർട്ട്. അത് കൊണ്ട് തന്നെ മൂന്ന് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും അഞ്ച് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും ചാർട്ടേഡ് ഫ്ളൈറ്റുകാരുടെ ക്വാറൻ്റീനും ടിക്കറ്റുമടക്കമുള്ള പാക്കേജിനു 85,000 രൂപ വരുന്നുണ്ടെന്നാണു അറിയാൻ സാധിക്കുന്നത്.

അതേ സമയം ഫ്ളൈ ദുബൈ പോലുള്ള ട്രാൻസിറ്റ് സർവീസ് നടത്തുന്ന ചില വിമാനക്കംബനികൾ നൽകുന്ന ക്വാറൻ്റീൻ സൗകര്യങ്ങൾ വളരെ നല്ല നിലവാരം പുലർത്തുന്നുണ്ടെന്ന് അറിയാൻ സാധിച്ചു. ഫ്ളൈറ്റ് ദുബൈയിൽ 3 ദിവസ ക്വാറൻ്റീൻ പാക്കേജും 5 ദിവസ ക്വാറൻ്റീൻ പാക്കേജും വ്യത്യസ്ത് നിരക്കിൽ ലഭ്യമാകുന്നുണ്ടെന്നും 55,000 രൂപക്ക് 3 ദിവസത്തെ സിംഗിൾ ക്വാറൻ്റീനും ടിക്കറ്റും അടക്കമുള്ള നല്ല പാക്കേജ് നൽകാൻ സാധിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ സർവീസ് നടത്തുന്ന ജൗഫ് ട്രാവൽസ് ഏ ആർ നഗർ എം ഡി സ്വാലിഹ് അറേബ്യൻ മലയാളിയെ അറിയിച്ചു. അഞ്ച് ദിവസത്ത സിംഗിൽ ക്വാറൻ്റീനും ടിക്കറ്റും അടക്കം 70,000 രുപയാണു ഫ്ളൈ ദുബൈക്ക് ചിലവ് വരുന്നത്.

അതേ സമയം 14 ദിവസം ദുബൈയിൽ താമസിച്ച് സൗദിയിലേക്ക് മടങ്ങാൻ തയ്യാറുള്ളവർക്ക് സൗദിയിലെത്താനുള്ള ചെലവ് വലിയ തോതിൽ തന്നെ കുറക്കാൻ സാധിക്കും. ദുബൈയിൽ 14 ദിവസം താമസിച്ചവർക്ക് പിന്നീട് സൗദിയിൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നതിനാൽ വിമാന ടിക്കറ്റുകളും ദുബൈ താമസവുമടക്കം ഏകദേശം 60,000 രൂപയാണൂ ചെലവ് വരിക. ദുബൈയിൽ നിന്ന് ബസ് മാർഗം പോകാൻ തയ്യാറാണെങ്കിൽ ചെലവ് 50,000 രൂപക്ക് താഴെ മാത്രമേ വരികയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ നേരിട്ട് പറക്കാൻ ഉദ്ദേശിക്കുന്നവർ ആദ്യം ട്രാൻസിറ്റ് വിമാനങ്ങൾ വഴിയുള്ള പാക്കേജ് അന്വേഷിച്ചതിനു ശേഷം മാത്രം ചാർട്ടേഡ് വിമാനങ്ങളുടെ പാക്കേജ് അന്വേഷിക്കുന്നതാകും ബുദ്ധി എന്നാണു അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അത് ചെലവ് കുറക്കാനും മികച്ച ക്വാറൻ്റീൻ സൗകര്യങ്ങൾ ലഭ്യമാകാനും സഹായിക്കും. അതിനു പുറമെ,ദുബൈയിൽ 14 ദിവസം താമസിച്ച് മടങ്ങാൻ സാധിക്കുന്നവരാണെങ്കിൽ ചെലവ് വീണ്ടും കുറക്കാനും സാധിക്കും. എങ്കിലും നേരിട്ട് പോയാൽ സൗദിയിൽ എത്തിയിട്ടുണ്ട് എന്നൊരു ആശ്വാസമുണ്ട് എന്നതും ഓർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്