Saturday, November 23, 2024
Saudi ArabiaTop Stories

പ്രതിസന്ധികളിൽ തുണയാകേണ്ട എംബസി തന്നെ ഇങ്ങനെ പ്രവാസികളുടെ മണ്ടക്കടിച്ചാലോ ? റിയാദ് എംബസിയുടെ പാസ്പോർട്ട് പുതുക്കൽ നയത്തിനെതിരെ ശക്തമായ പ്രതിഷേധം

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസികളുടെ പാസ്പോർട്ട് പുതുക്കില്ലെന്ന റിയാദ് ഇന്ത്യൻ എംബസിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.

എംബസിയുടെ പുതിയ ഈ സമീപനം ആയിരക്കണക്കിനു സൗദി പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയേക്കും.

കോവിഡ് മൂലമുള്ള പ്രതിസന്ധി മൂലവും മറ്റു നിരവധി കാരണങ്ങൾ കൊണ്ടും പല പ്രവാസികളുടെയും ഇഖാമകൾ പുതുക്കാൻ വൈകുന്നുണ്ട്.

ഇഖാമകൾ പുതുക്കാൻ വൈകുന്നത് പ്രവാസികളുടെ പോരായ്‌മ കൊണ്ടല്ലെന്നതും മറിച്ച് സ്പോൺസറുടെ പ്രശനമാണെന്നതും അറിഞ്ഞ് കൊണ്ട് തന്നെ എംബസി ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത് ദു:ഖകരമാണെന്ന് സാമൂഹിക പ്രവർത്തകരും സംഘടനകളും ആരോപിക്കുന്നു.

അതേ സമയം ഇഖാമയുടെ കാലാവധി കഴിഞ്ഞ് 3 വർഷം പിന്നിട്ടവർക്കാണു ഈ നിബന്ധനയെന്നാണു ഇന്ത്യൻ എംബസി വിശദീകരിക്കുന്നത്.

എന്നാൽ 3 വർഷം കഴിഞ്ഞവരാണെങ്കിൽ പോലും സ്വന്തം രാജ്യത്തിൻ്റെ പാസ്പോർട്ട് പുതുക്കാൻ മറ്റൊരു രാജ്യത്തിൻ്റെ താമസ രേഖ കൂടി ചോദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നാണു പ്രവാസികൾ ചോദിക്കുന്നത്.

സ്പോൺസർമാരുടെ പോരായ്‌മകൾ കാരണം മൂന്ന് വർഷമായി ഇഖാമ പുതുക്കാത്ത പ്രവാസികളും സൗദിയിലുണ്ടെന്നതാണു വസ്തുത.

പാസ്പോർട്ട് കാലാവധിയുണ്ടെങ്കിൽ ഇഖാമ പുതുക്കാത്ത സ്പോൺസ്റെ ഒഴിവാക്കി മറ്റൊരാളെ സ്പോൺസറാക്കാനുള്ള അവസരവും, എംബസിയുടെ നിയന്ത്രണം മൂലം പാസ്പോർട്ട് പുതുക്കാൻ സാധിക്കാതെ വന്നാൽ,നഷ്ടപ്പെട്ടേക്കും.

പ്രതിസന്ധികളിൽ തണലാകേണ്ട എംബസി ഇത്തരത്തിൽ പ്രയാസപ്പെടുത്തുന്ന സമീപനങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും പിൻ വാങ്ങണമെന്നാണു പ്രവാസികൾ ആവശ്യപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്