Friday, November 15, 2024
Saudi ArabiaTop Stories

ബിനാമി ബിസിനസ്; ജിദ്ദയിൽ വിദേശിക്കും കൂട്ട് നിന്ന സൗദികൾക്കും മൂന്നര ലക്ഷം റിയാൽ പിഴ

ജിദ്ദ: സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ വിദേശിയെയും, കൂട്ട് നിന്ന സൗദി പൗരനെയും സൗദി വനിതയെയും ജിദ്ദ ക്രിമിനൽ കോടതി ശിക്ഷിച്ചു.

ജിദ്ദയിലാണ് കോൺട്രാക്ടിംഗ് മേഖലയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തിയ വിദേശിക്കും, രാജ്യത്തെ നിയമങ്ങൾ ലഘിച്ചു കൊണ്ട് അതിന് കൂട്ട് നിന്ന സൗദി പൗരനും, സൗദി വനിതക്കും പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചത്.

സൗദി പൗരന്റെയും സൗദി വനിതയുടെയും ഉടമസ്ഥതയിലുള്ള കോൺട്രാക്ടിംഗ് സ്ഥാപനങ്ങളാണ് വിദേശി ബിനാമിയായി നടത്തിയിരുന്നത്. ഇതിന് പകരമായി വളരെ ചെറിയ തുക മാത്രമായിരുന്നു വിദേശി ഇവർക്ക് നൽകിയിരുന്നത്.

വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പഴുതടച്ച പരിശോധനയിലാണ് സ്ഥാപനങ്ങൾ അനധികൃതമായി വിദേശി നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകൾ കണ്ടെത്തിയത്.

വൻ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന വിദേശി, ഇതിലൂടെ സമ്പാദിക്കുന്ന പണമെല്ലാം സ്വന്തം രാജ്യത്തേക്ക് കടത്തുകയിരുന്നു.

മൂന്നര ലക്ഷം റിയാലാണ് മൂന്ന് പേർക്കുമായി കോടതി പിഴ ചുമത്തിയത്. ഇതിന് പുറമെ സൗദി പൗരനും, വിദേശിക്കും മൂന്നു മാസം വീതം തടവും കോടതി വിധിച്ചു.

ഇവർ നടത്തിയിരുന്ന ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതോടൊപ്പം, ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മൂന്നു പേരുടെയും പേരുവിവരങ്ങളും, ഇവർ നടത്തിയ നിയമ ലംഘനവും, ഇതിനുള്ള ശിക്ഷയും ഇവർ മൂന്നുപേരുടെയും തന്നെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.

നിയമാനുസൃത സക്കാത്തും നികുതികളും ഫീസുകളും നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്നതോടൊപ്പം, ഇതേ മേഖലയിൽ ഇനി പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിൽ നിന്ന് സൗദി പൗരനും സൗദി വനിതക്കും വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു.

ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനായ വിദേശിയെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താനും വിധിയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa