Sunday, September 22, 2024
Saudi ArabiaTop Stories

വധ ശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയുടെ മോചനത്തിന് 33 കോടി രൂപ ദിയാ പണം ആവശ്യപ്പെട്ട് സൗദി കുടുംബം

റിയാദ്: സൗദി പൗരന്റെ അസുഖ ബാധിതനായ മകൻ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് വൻ തുക ദിയാ പണം ആവശ്യപ്പെട്ട് സൗദി കുടുംബം.

കോഴിക്കോട് ഫറോക്ക് കോടംബുഴ സ്വദേശി  അബ്ദുൽ റഹീമിന്റെ മോചനം സാധ്യമാകണമെങ്കിൽ 1.5 കോടി റിയാൽ (33 കോടി രൂപ) യാണ്‌ സൗദി പൗരൻ ദിയാ പണമായി ആവശ്യപ്പെടുന്നത്.

റഹീമിനെ വധശിക്ഷക്ക് വിധിച്ച്  ഇപ്പോൾ അപ്പീൽ കോടതിയിലുള്ള കേസിൽ അടുത്ത വിധിയാകും മുമ്പ് ദിയാ പണം നൽകിയാൽ മാപ്പ് നൽകാമെന്നും ഇല്ലെങ്കിൽ വിധി ഏതായാലും സ്വീകരിക്കേണ്ടി വരുമെന്നുമാണ് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ വേങ്ങാടിനെ സൗദി പൗരൻ അറിയിച്ചത്.

തന്റെ 26 ആം വയസ്സിൽ 2006 നവംബറിൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റഹീമിനു സംഭവിച്ച ഒരു കയ്യബദ്ധമായിരുന്നു സൗദി ബാലന്റെ മരണത്തിലേക്ക് നയിച്ചത്.

തലക്ക് താഴെ ചലന ശേഷിയില്ലാത്ത സ്പോൺസറുടെ മകൻ ഭക്ഷണം കഴിച്ചിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. പെട്ടെന്ന് പ്രകോപിതനായിരുന്ന ബാലനുമായി കാറിൽ പുറത്ത് പോയ സമയത്തായിരുന്നു റഹീമിന്റെ വിധി മാറ്റിയെഴുതിയ സംഭവം നടന്നത്.

ഒരു സിഗ്നലിൽ ചുവപ്പ് ലൈറ്റ് കണ്ട് നിർത്തിയ റഹീമിനോട് വണ്ടിയുടെ പിൻ സീറ്റിലുണ്ടായിരുന്ന സൗദി ബാലൻ വണ്ടി മുന്നോട്ടേടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സിഗ്നൽ റെഡ് ആയതിനാൽ റഹീം അതനുസരിച്ചില്ല. ഇതിൽ പ്രകോപിതനായ ബാലനെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പിറകിലേക്ക് തിരിഞ്ഞ റഹീമിന്റെ മുഖത്തേക്ക് ബാലൻ തുപ്പുകയും കണ്ണിലേക്കായപ്പോൾ കൈകൊണ്ട് തടുക്കുന്നതിനിടെ ബാലന്റെ കഴുത്തിലെ ഉപകരണത്തിൽ കൈ തട്ടുകയും അത് മരണ കാരണമാകുകയുമായിരുന്നു.

തുടർന്ന് റഹീം സൗദിയിലുണ്ടായിരുന്ന അമ്മാവന്റെ മകൻ നസീറിനെ വിവരമറിയിക്കുകയും പ്രശ്നം സങ്കീർണ്ണമാകാതിരിക്കാൻ ഇരുവരും ഒരു തിരക്കഥ മെനയുകയും ചെയ്തു.

റഹീമിനെ ഒരു സംഘം കൊള്ളയടിക്കാൻ വന്ന് കെട്ടിയിടുകയായിരുന്നുവെന്ന് അന്വേഷകരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നസീർ റഹീമിനെ കാറിൽ കെട്ടിയിട്ടു. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ഈ തിരക്കഥ ഇവർക്ക് വലിയ വിനയാകുകയുമായിരുന്നു. കേസന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചതിനാൽ  നസീർ 10 വർഷം സൗദി ജയിലിൽ കിടന്നിട്ടുണ്ട്.

നേരത്തെ ദിയാ പണം സ്വീകരിക്കാനും സ്പോൺസറുടെ കുടുംബം വിസമ്മതിച്ചിരുന്നു. ഇപ്പോൾ വൻ തുക ദിയാ പണമായി ആവശ്യപ്പെട്ട സാഹചര്യത്തിൽ സഹായ സമിതി രൂപീകരിച്ച് 33 കോടി കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ പൊതു സമൂഹം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്