ദമ്മാമിൽ നിന്ന് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കണം: പ്രവാസി സാംസ്കാരിക വേദി
ദമ്മാമിൽ നിന്നും കൊച്ചി തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് മുന്‍പുണ്ടായിരുന്ന നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് പുനസ്ഥാപിക്കാൻ വേണ്ടി പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി വ്യോമയാന മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. ദമ്മാമിൽ സന്ദര്‍ശനം നടത്തുന്ന എം കെ രാഘവൻ എം പി നിവേദനം ഏറ്റുവാങ്ങി. കോഴിക്കോട് എയർപ്പോർട്ടിന്റെ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി പരിശ്രമങ്ങൾ നടത്തുമ്പോഴും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും വികസിക്കേണ്ടത് എല്ലാ മലയാളികളുടെയും ആവശ്യമാണെന്ന് എം പി മറുപടി നല്‍കി.
കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറമാണ് നിവേദനത്തിന് വേദിയൊരുക്കിയത്. തിരക്കേറിയ സീസണുകളിലെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കുന്നതിന് വേണ്ടി ട്രായ് മാതൃകയിൽ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിന് വേണ്ടി ശ്രമം തുടങ്ങുന്നതായി അദ്ദേഹം അറിയിച്ചു. പ്രവാസി സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് എം കെ ഷാജഹാൻ, ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, പ്രവിശ്യ കമ്മിറ്റി അംഗങ്ങളായ മുഹ്‌സിൻ ആറ്റാശ്ശേരി, സാബിഖ് കെ എം എന്നിവർ സംബന്ധിച്ചു. ആവശ്യങ്ങൾ പരിഹരിക്കുന്നതിന് സത്വര നടപടികൾ സ്വീകരിച്ച് വിശദാംശം “പ്രവാസി” ഇ മെയിലിൽ അറിയിക്കുമെന്ന് നിവേദനം ഏറ്റുവാങ്ങവെ എംപി നിവേദകസംഘത്തെ അറിയിച്ചു.
Photo: വ്യോമയാന മന്ത്രിക്കുള്ള നിവേദനം എം.കെ രാഘവൻ എം.പി ക്ക് കൈമാറുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa