Sunday, September 22, 2024
QatarSportsTop Stories

പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്പെയിനെ മലർത്തിയടിച്ച് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ

ലോകകപ്പിൽ ഇന്ന് നടന്ന ആവേശകരമായ പ്രീക്വാർട്ടർ മത്സരത്തിൽ സ്പെയിനിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും, ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മൊറോക്കോ സ്‌പെയിനെ തകർത്തത്. ഒരു ഗോൾ പോലും വലയിലാക്കാൻ കഴിയാതെയാണ് സ്‌പെയിൻ കീഴടങ്ങിയത്.

കളിയിലുടനീളം കരുത്തരായ സ്പെയിനെ വിറപ്പിക്കുന്ന പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്. പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം സ്പെയിൻ ആധിപത്യം പുലർത്തിയെങ്കിലും, ഗോളടിക്കാൻ സമ്മതിക്കാതെ മൊറോക്കോ അവരെ വരിഞ്ഞു മുറുക്കുകയായിരുന്നു.

സ്പെയിനെ അവരുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയാണ് മൊറോക്കോ കളി നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് എത്തിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ അപരാജിതരായാണ് മൊറോക്കോ പ്രീക്വാർട്ടറിൽ പ്രവേശിച്ചിരുന്നത്. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ കുരുക്കിയ മൊറോക്കോ, രണ്ടാം മത്സരത്തിൽ ബെൽജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു. അവസാന മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും തോൽപ്പിച്ച്, ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായിട്ടാണ് മൊറോക്കോർ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.

ആദ്യ മത്സരത്തിൽ 7 ഗോളിനു കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയ സ്പെയിൻ, ജർമനിക്കെതിരെ സമനില വഴങ്ങി. അവസാന മത്സരത്തിൽ ജപ്പാനും സ്പെയിനെ അട്ടിമറിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q