ജീവിതത്തിന്റെ പുറമ്പോക്കിൽ തള്ളപ്പെട്ടവർക്ക് ഇവിടെ സുഖ ജീവിതം
ജീവിതത്തിന്റെ പുറമ്പോക്കിൽ തള്ളപ്പെട്ടവർക്ക് കാരുണ്യത്തിന്റെ കൈതാങ്ങുമായി സുകൃതത്തിന്റെ കാവൽക്കാർ. വറ്റാത്ത കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും നീരുറവയുമായി ഹിമ ഹോം കെയർ. മലപ്പുറം ജില്ലയിലെ കാളികാവ് അടക്കാക്കുണ്ടിലെ ഹിമചാരിറ്റബിൾ ഹോം കെയർ, സേവനത്തിന്റെ പുത്തൻ പാതയിലാണ്. താമസിക്കാൻ വില്ലകൾ, ഭക്ഷണം, വസ്ത്രം, ചികിത്സ, സ്നേഹത്തോടെയുള്ള പരിചരണം എല്ലാമടക്കം അന്തേവാസികൾക്ക് ഇവിടെ റിസോർട്ട് സമാനമായ ജീവിതമാണ്.
സ്ഥാപനം നിലവിൽ വന്നിട്ടു രണ്ടു വർഷം കഴിഞ്ഞു. മുപ്പത് അന്തേവാസികൾക്ക് ഇപ്പോൾ ഇവിടെ സുഖവാസം. കാളികാവ് ഖാസിയായ ഫരീദ് റഹ്മാനിയുടെ മനസ്സിലാണ് ഈ കാരുണ്യ പദ്ധതി ആദ്യം രുപം കൊണ്ടത്. പ്രദേശത്തെ പൗരപ്രമുഖൻ, മാസങ്ങൾക്ക് മുമ്പ് അന്തരിച്ച, ദാനത്തിന്റെ പര്യായമായ, എ.പി ബാപ്പു ഹാജി ഒരേക്കർ സ്ഥലം പദ്ധതിക്ക് ദാനം ചെയ്തു. പിന്നീട് നിർമ്മാണം വേഗത്തിലായി. നാലു കോടിയോളം രൂപ മുടക്കിയാണ് അത്യാധുനിക കാമ്പസ് നിർമ്മിച്ചത്. ഉപ്പ്മുതൽ കർപ്പൂരം വരെ ലഭിക്കാൻ ഉദാരമതികളുടെ സഹായമാണ് മുതൽകൂട്ട്.
കേരളത്തിനു പുറത്തുള്ളവയോധികരും ഇവിടെ അന്തേവാസികളായുണ്ട്. പട്ടിണിയും രോഗവുമായി നോക്കാനാളില്ലാത്തവരെയാണ് ഹിമ ഏറ്റെടുക്കുക. അധികൃതരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ മാത്രം. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പത്തോളം പേരെ പൂർണ്ണ ആരോഗ്യവും ശേഷിയും നൽകി ബന്ധുക്കളെതിരിച്ചേൽപ്പിച്ചു.

പിറന്ന നാടിനു തണലേകുന്ന പ്രവാസികൾ ഈ സ്ഥാപനത്തിന്റെയും നടത്തിപ്പിൽ മുഖ്യമായ ഒരു പങ്കാണ് വഹിക്കുന്നത്. ഹിമയുടെ ഇന്നുള്ള പുരോഗതിയിലും മുന്നോട്ടുള്ള ഗമനത്തിലും പ്രവാസികളുടെ വിയർപ്പിന്റെ ഗന്ധമുണ്ട്. ഒരു വർഷം കൊണ്ട് കാമ്പസിന്റെ പണി പൂർത്തിയാക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ഇതിന്റെ ഭാഗമായി ഹിമയുടെ ഭാരവാഹികൾ യു എ ഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങൾ സന്ദർശനം നടത്തിയാണ് സഹായം സ്വരൂപിച്ചത്.
മനുഷ്യസ്നേഹികളുടെ സഹായം മാത്രമാണ് സ്ഥാപനത്തിനു മുതൽകൂട്ട്. ഫരീദ് റഹ്മാനി യോടൊപ്പം ബഹാവുദ്ദീൻ ഫൈസി, സലാം ഫൈസി എന്നിവരാണ് സ്ഥാപനത്തിന്റെ മുഴുവൻ സമയ നടത്തിപ്പുകാർ. ഫിസിയോ തെറാപ്പി സെന്റർ, ക്ലിനിക്ക് എന്നിവ കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്.
അശരണരർക്കുള്ള കരുതലും സ്നേഹവും പരിചരണവും നാളെക്കുള്ള സമ്പാദ്യമാണ് എന്ന തിരിച്ചറിവാണ് സംഘാടകര നയിക്കുന്നത്.
കിഡ്നി രോഗികളുടെ വർദ്ധനവും രോഗികളായ നിർധനരുടെ പ്രയാസവും കണക്കിലെടുത്ത് സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകർ.
കുഞ്ഞിമുഹമ്മദ് കാളികാവ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa