റി എൻട്രിയിൽ നാട്ടിൽ അവധിക്ക് പോയസൗദി പ്രവാസിയുടെ അപ്രതീക്ഷിത മരണം; കണ്ണീരിലാണ്ട് അൽഹസ്സ പ്രവാസ ലോകം
അൽഹസ്സ: അവധിയ്ക്ക് റിയാസ് റഹിം നാട്ടിലേയ്ക്ക് പോയപ്പോൾ ആരും കരുതിയിരുന്നില്ല, അത് മടക്കമില്ലാത്ത ഒരു യാത്രയാകുമെന്ന്. അൽഹസ്സ മേഖലയിൽ നവയുഗത്തിലൂടെ നടത്തിയ ജീവകാരുണ്യത്തിന്റെ കാരുണ്യസ്പർശം അവസാനിപ്പിച്ച്, റിയാസ് ജീവിതത്തിൽ നിന്നും അപ്രതീക്ഷിതമായി വിട വാങ്ങിയത് ഇനിയും ഉൾക്കൊള്ളാൻ അൽഹസ്സയിലെ നവയുഗം പ്രവർത്തകർക്കായിട്ടില്ല.
നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് സജീവപ്രവർത്തകനായ കൊല്ലം കരുനാഗപ്പള്ളിയിലെ വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ റിയാസ് റഹിം(43 വയസ്സ്) കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലു മാസത്തെ അവധിയ്ക്ക് നാട്ടിലേയ്ക്ക് പോയത്. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബവുമൊത്ത് അവധിക്കാലം സന്തോഷത്തോടെ ചിലവഴിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
ഞായറാഴ്ച അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്തു പാതിരാത്രിയിൽ മടങ്ങിയെത്തിയ റിയാസ് വീട്ടിൽ ഉറങ്ങാൻ കിടന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം.
വളരെയേറെ മനുഷ്യ സ്നേഹിയായ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ്. നവയുഗം അൽഹസ്സ മേഖലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന റിയാസ്, അത് വഴി വലിയൊരു സൗഹൃദവലയത്തിനും ഉടമയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരിതപ്രളയകാലത്തും, സൗദി നിശ്ചലമായ കൊറോണ ലോക്ക്ഡൌൺ കാലത്തും, കഷ്ടപ്പെടുന്നവരെ സഹായിക്കാനും, നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം നടത്തിയ പ്രവർത്തനങ്ങളിൽ റിയാസ് വഹിച്ച പങ്ക് വളരെ വലുതാണ്.
റിയാസ് റഹീമിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജാതി, മത, വർഗ്ഗ വ്യത്യാസങ്ങൾ നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന, മനസ്സിൽ നന്മകൾ നിറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹിം. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ ബാക്കി വെച്ചിട്ടാണ് അദ്ദേഹം യാത്രയായത്. റിയാസിന്റെ ദീപ്തമായ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa