17 വർഷമായി കേരള പോലീസ് അന്വേഷിക്കുന്ന കുറ്റവാളി സൗദിയിൽ പിടിയിൽ
റിയാദ് :കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് കഴിഞ്ഞ 17 വർഷമായി അന്വേഷിക്കുന്ന പ്രതി സൗദി പോലീസിന്റെ പിടിയിൽ.
വയനാട് ജംഗിൾ പാർക്ക് റിസോർട്ട് ഉടമ അബ്ദുൽ കരീമിനെ വധിച്ച മുഹമ്മദ് ഹനിഫയാണ് സൗദി പോലീസിന്റെ പിടിയിലായത്.
2006 ൽ ആയിരുന്നു താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന അബ്ദുൽ കരീമിനെ ക്വട്ടേഷൻ സംഘം കൊല ചെയ്തത്.
തിരുവനന്തപുരം സ്വദേശി ബാബു വർഗീസ് ആണ് കേസിലെ ഒന്നാം പ്രതി. ജംഗിൾ പാർക്ക് റിസോർട്ട് രണ്ട് വർഷത്തേക്ക് അബ്ദുൽ കരീമിൽ നിന്ന് ലീസിനെടുത്ത ഇയാൾ കരാർ കാലാവധിയിൽ കൃത്രിമത്വം കാട്ടിയതിനെത്തുടർന്ന് കരീം കേസ് ഫയൽ ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഒരു ദിവസം ജയിലിൽ കിടന്ന ബാബു വർഗീസ് പ്രതികാരമായി കരീമിനെ കൊല്ലാൻ 1.20 ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു.
11 പേർ ഉൾപ്പെട്ട കേസിൽ 7 പേർക്കെതിരെ കോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചിരുന്നു.
കൊലപാതകം നടത്തി രക്ഷപ്പെട്ട മുഹമ്മദ് ഹനീഫക്കെതിരെ കഴിഞ്ഞ നവംബറിൽ ആണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതിയെ ഏറ്റുവാങ്ങി കേരളത്തിലേക്ക് കൊണ്ട് വരാൻ ക്രൈം ബ്രാഞ്ച് എസ് പി കെകെ മൊയ്തീൻ കുട്ടി, ഇൻസ്പെക്ടർ ടി ബിനുകുമാർ, സീനിയ പോലീസ് ഉദ്യോഗസ്ഥൻ അജിത് പ്രഭാകർ എന്നിവർ സൗദിയിലെത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa