Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട വിവിധയിനം അവധികളെക്കുറിച്ചും മറ്റു നിബന്ധനകളും അറിയാം

സൗദി തൊഴിൽ നിയമ പ്രകാരം ഓരോ തൊഴിലാളിക്കും എല്ലാ വർഷവും വർഷികാവധി ലഭിക്കേണ്ടതുണ്ട്.

സർവീസിലെ ആദ്യ അഞ്ച് വർഷം വരെ പ്രതിവർഷം ചുരുങ്ങിയത് 21 ദിവസവും അഞ്ച് വർഷത്തിനു ശേഷം പ്രതിവർഷം ചുരുങ്ങിയത് 30 ദിവസവും ആണ് തൊഴിലാളിക്ക് അവധി നൽകേണ്ടത്.

അവധി നൽകുന്നതോടൊപ്പം തന്നെ തൊഴിലാളിക്കുളള വെക്കേഷൻ മണി മുൻകൂറായി നൽകിയിരിക്കണം എന്നതും വ്യവസ്ഥയാണ്.

ഒരു തൊഴിലാളിയുടെ വാർഷിക അവധി കാൻസൽ ചെയ്യാനോ പകരം പണമോ മറ്റ് നഷ്ടപരിഹാരമോ നൽകാനോ പറ്റില്ല. അവധിയുടെ ഷെഡ്യൂൾ ചുരുങ്ങിയത് 30 ദിവസം മുമ്പ് തന്നെ തൊഴിലാളിയെ അറിയിക്കൽ തൊഴിലുടമയുടെ ബാധ്യതയാണ്.

അതേ സമയം തൊഴിലാളിക്കും തൊഴിലുടമക്കും അവധി മറ്റൊരു സമയത്തേക്ക് നിബന്ധനകളോടെ മാറ്റി വെക്കാം. തൊഴിലാളിക്ക് തൊഴിലുടമയുടെ സമ്മതത്തോടെ അവധി പൂർണ്ണമായോ അവധിയിൽ നിന്ന് ചില ദിനങ്ങളോ അടുത്ത വർഷത്തേക്ക് മാറ്റി വെക്കാം.

അടിയന്തിര തൊഴിൽ സാഹചര്യത്തിൽ തൊഴിലാളിക്ക് അവധി നൽകുന്നത് 90 ദിവസം വരെ നീട്ടി വെക്കാൻ തൊഴിലുടമക്കാകും. എന്നാൽ 90 ദിവസത്തിൽ അധികം ലീവ് നീട്ടി വെക്കണമെങ്കിൽ അതിന് തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതി വേണം എന്നാണ് നിബന്ധന.

ഏറ്റവും അടുത്ത ബന്ധുക്കൾ മരിച്ചാൽ തൊഴിലാളിക്ക് 5 ദിവസം അവധി നൽകണം തൊഴിലാളിയുടെ വിവാഹമാണെങ്കിലും 5 ദിവസം അവധി നൽകണം. കുട്ടി ജനിച്ചാൽ 3 ദിവസം അവധി നൽകണം. ഇവയെല്ലാം സാലറിയോട് കൂടെയായിരിക്കുകയും വേണം. അതേ സമയം പ്രസ്തുത സംഗതികൾ സത്യമാണെന്ന് തെളിയിക്കാനാവശ്യമായ രേഖകൾ തൊഴിലുടമക്ക് ആവശ്യപ്പെടാം.

രണ്ട് പെരുന്നാളുകൾ, മറ്റു ദേശീയ ദിനം, സ്ഥാപക ദിനം പോലുള്ള പൊതു അവധി ദിനങ്ങൾ എന്നിവക്കും സാലറിയോടെ അവധി നൽകണം..

ഒരു തൊഴിലുടമക്ക് കീഴിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ജോലി ചെയ്ത തൊഴിലാളിക്ക് ഹജ്ജിനു അവധി നൽകണം. 10 മുതൽ 15 ദിവസം വരെ നൽകുന്ന അവധി വേതനത്തോട് കൂടെയായിരിക്കണം. ഒരാൾക്ക് അയാളുടെ സർവീസ് കാലത്ത് ഒരിക്കൽ മാത്രമേ
ഇങ്ങനെ അനുമതി ലഭിക്കൂ എന്നും സൗദി തൊഴിൽ നിയമം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്