പണമില്ലാത്തത് കാരണം അന്ന് ഒന്നും നൽകിയില്ല; കയ്യിൽ പണം വന്നപ്പോൾ 15 വർഷം പഴക്കമുള്ള മലയാളിയുടെ കടം വീട്ടി സൗദി പൗരൻ
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിനോദിന് ഇപ്പോഴും അത് വിശ്വസിക്കാനാകുന്നില്ല. 15 വർഷം മുമ്പ് താൻ സൗദിയിൽ ജോലി ചെയ്തിരുന്ന സമയത്ത് തനിക്ക് കഫീലിൽ നിന്ന് ലഭിക്കാനുണ്ടായിരുന്ന കുടിശ്ശിക ഇപ്പോൾ അയാൾ അയച്ച് തന്നിരിക്കുന്നു.
സൗദി പൗരൻ മുഹമ്മദ് റമളാൻ ആണ് തന്റെ തൊഴിലാളിയായിരുന്ന വിനോദിന് 15 വർഷം മുമ്പ് താൻ നൽകാനുണ്ടായിരുന്ന കുടിശ്ശിക ഇപ്പോൾ അയച്ച് കൊടുത്ത് കടം വീട്ടിയിരിക്കുന്നത്.
ദമാമിൽ റമളാന്റെ കീഴിൽ ഡ്രൈവറായി 2004 ൽ ആയിരുന്നു വിനോദ് ജോലി ചെയ്തിരുന്നത്. വേറെയും നാല് ജീവനക്കാർ ഉണ്ടായിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ റമളാന്റെ ബിസിനസിന്റെ കാര്യം പരുങ്ങലിലായി. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ സാധിക്കാതെ വന്നു.
തുടർന്ന് തൊഴിലാളികൾ ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്തു. കുടിശിക നൽകാൻ കോടതി വിധി വന്നെങ്കിലും അത് നൽകാൻ റമളാന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് മറ്റു നാല് പേർ നാട്ടിലേക്ക് മടങ്ങി.
എന്നാൽ വിനോദ് കേസുമായി മുന്നോട്ട് പോകാനും സന്ധി സംഭാഷണത്തിനും ശ്രമിച്ചു. സാമൂഹിക പ്രവർത്തകൻ ഷാജി ആലപ്പുഴ കൂടെ പിന്തുണയും സഹായവുമായി ഉണ്ടായിരുന്നു.
പക്ഷെ പണം ഇല്ലാത്തതിനാൽ തനിക്ക് ഒന്നും തരാം കഴിയില്ല എന്ന നിലപാട് ആവർത്തിക്കുകയായിരുന്നു കഫീൽ ചെയ്തത്.
അതോടൊപ്പം ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചതിനുള്ള പിഴകളും വിനോദിന് മേൽ വന്ന് കൊണ്ടിരുന്നു. പിഴ അടക്കുമെന്ന വാഗ്ദാനം നിറവേറ്റാനും കഫീലിനായില്ല.
ഇതിനിടെ കഫീൽ റമളാന് യു കെയിൽ സൗദി സർക്കാര് ചെലവിൽ പഠനത്തിനു അവസരം ലഭിച്ചു. യാത്രാ തടസ്സം നീങ്ങാൻ കേസിൽ നിന്നൊഴിവാക്കിത്തരണമെന്ന് ഇയാൾ വിനോദിനോടും ഷാജിയോടും അപേക്ഷിക്കുകയും ചെയ്തു.
തുടർന്ന് നാട്ടിൽ പോകാൻ ട്രാഫിക് പിഴയടക്കം 12,300 റിയാൽ കണ്ടെത്തേണ്ട അവസ്ഥയിലായി വിനോദ്. കഫീലിന്റെ കയ്യിലാണെങ്കിൽ പണവുമില്ല. നാട്ടിൽ നിന്ന് ഭാര്യയുടെ ആഭരണം വിറ്റ പണം സൗദിയിലെത്തിച്ചായിരുന്നു 2008 ൽ വിനോദ് നാട്ടിലേക്ക് പോയത്.
നാട്ടിൽ പോയ ശേഷവും സ്പോൺസർ റമളാൻ വിനോദിനെ ഇടക്ക് ബന്ധപ്പെട്ട് ചെലവായ പണം നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു തമാശയായേ വിനോദ് കണക്കാക്കിയുള്ളൂ.
അങ്ങനെയിരിക്കെയാണ് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കഫീൽ റമളാൻ ഷാജിയുമായി ബന്ധപ്പെട്ട് അക്കൗണ്ട് നമ്പർ ചോദിച്ചത്. ഷാജി പ്രതീക്ഷയൊന്നുമില്ലാതെ അക്കൗണ്ട് നമ്പർ കൊടുത്തു. എന്നാൽ അത്ഭുതപ്പെടുത്തിക്കൊണ്ട് ഷാജിയുടെ അക്കൗണ്ടിലേക്ക് കഫീൽ 12,500 റിയാൽ അയച്ച് കൊടുക്കുകയായിരുന്നു. ഷാജി വിനോദിനെ ബന്ധപ്പെട്ട് ആ പണം അയച്ച് കൊടുക്കുകയും ചെയ്തു.
ഇപ്പോൾ ചെറിയ ട്രെഡിംഗ് വഴി ലഭിച്ച ലാഭം ആണ് ഈ അയക്കുന്നതെന്നും എനിക്ക് അല്ലാഹുവിന്റെ മുന്നിൽ കടക്കാരനായി തുടരാൻ സാധിക്കില്ല എന്നുമുള്ള ഒരു മെസേജും റമളാൻ പണം അയച്ചതോടൊപ്പം ഷാജിക്ക് അയച്ചത് ശ്രദ്ധേയമായി.
നാട്ടിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുന്ന വിനോദ് കർണ്ണാടകയിലൂടെ ട്രെയിലർ ഓടിച്ച് കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു പണം ലഭിച്ച സന്തോഷ വാർത്ത എത്തിയത്. ഏതായാലും വർഷങ്ങൾക്ക് ശേഷമാണെങ്കിലും കടം വീട്ടാൻ സ്പോൺസർ റമളാൻ കാണിച്ച വലിയ മനസ്സിന് നന്ദി പറയുകയാണിപ്പോൾ വിനോദും കുടുംബവും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa