Thursday, November 14, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്ക്; ജവാസാത്ത് വിശദീകരണം കാണാം

സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പുറത്ത് പോയി നിശ്ചിത കാലയളവിനുള്ളിൽ മടങ്ങി വരാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് സംബന്ധിച്ച് അറിയാനായി നിരവധി പ്രവാസി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയുമായി ഇപ്പോഴും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ചോദ്യങ്ങൾക്ക് ജവാസാത്ത് നല്കിയ മറുപടികൾ താഴെ കൊടുക്കുന്നു.

അവധിയിൽ പോയ വിദേശിയുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ചത് മുതൽ ആയിരിക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക.

ഈ മൂന്ന് വർഷം കണക്കാക്കുന്നത് ഹിജ്രി കലണ്ടർ (അറബി ഡേറ്റ്) പ്രകാരമായിരിക്കും എന്നും ജവാസാത്ത് വ്യക്തമാക്കുന്നു.

(അതേ സമയം ചില പ്രവാസികൾ റി എൻട്രി കാലാവധി കഴിഞ്ഞ് മൂന്ന് വർഷത്തിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ സൗദി എയർപോർട്ടിൽ നിന്ന് മടക്കി അയച്ചതായും ഇഖാമ കാലാവധി കഴിഞ്ഞതിനു ശേഷം മൂന്ന് വർഷം കൂടി കഴിഞ്ഞാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും അറേബ്യൻ മലയാളിയുടെ പേജിലും മറ്റും കമന്റുകൾ ഇട്ട് കാണുന്നുണ്ട്. ഇത്തരം ആശങ്കകൾ പരിഹരിക്കാൻ നാട്ടിലെ വിവിധ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് അവരുടെ യാത്രക്കാർക്കുണ്ടായ അനുഭവം കൂടി ആരായുന്നത് ഉപകാരപ്പെട്ടേക്കും എന്നറിയിക്കുന്നു).

അതേ സമയം പുതിയ ഒരു സ്പോൺസറുടെ തൊഴിൽ വിസയിൽ പോകുന്ന സമയത്താണ് ഈ മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക. പഴയ സ്പോൺസർ തന്നെ ഇയാൾക്ക് പുതിയ വിസ അയച്ച് കൊടുത്തതാണെങ്കിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ബാധകമാകില്ല.

റി എൻട്രി വിസയിൽ പോയി മടങ്ങി വരാത്ത ഫാമിലി വിസയിലുള്ളവർക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകില്ല എന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.

കൊറോണ സമയത്തും അല്ലാതെയുമായി നിരവധി സൗദി പ്രവാസികളാണ് നാട്ടിൽ അവധിയിൽ പോയി തിരികെ പുതിയ വിസയിൽ വരാൻ സാധിക്കാതെ പ്രയസപ്പെടുന്നത്. 3 വർഷ പ്രവേശന വിലക്കാണ് പലർക്കും വിലങ്ങു തടിയായി മാറുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്