Sunday, September 22, 2024
Kerala

സിദ്ധീഖ് കാപ്പൻ്റെ മോചനം നിയമ വ്യവസ്ഥയിൽ പ്രതീക്ഷ ബാക്കി വെക്കുന്നു:യൂത്ത് ലീഗ്

നേതാക്കൾ കാപ്പനെ സന്ദർശിച്ചു

മലപ്പുറം: രണ്ട് വർഷവും നാല് മാസവും നീണ്ട ജയിൽവാസത്തിനൊടുവിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ സിദ്ദീഖ് കാപ്പനെ മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കൾ സന്ദർശിച്ചു. മുസ്ലിം ലീഗ് ദേശീയ അസി:സെക്രട്ടറി സി.കെ സുബൈർ, യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി അഡ്വ: വി.കെ ഫൈസൽ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ടിപി അഷ്റഫലി, വൈസ് പ്രസിഡണ്ട് ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗം സി.കെ ഷാക്കിർ, വേങ്ങര മണ്ഡലം പ്രസിഡണ്ട് ഷംസു പുള്ളാട്ട്, കണ്ണമംഗലം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് മുജീബ് പൂക്കുത് എന്നിവരാണ് കാപ്പൻ്റെ വീട്ടിലെത്തി അദ്ദേഹത്തെയും ഭാര്യ റൈഹാനത്ത് സിദ്ദീഖിനെയും കണ്ട് ഐക്യദാർഡ്യമറിയിച്ചത്. നേതാക്കളുമായി സംസാരിച്ച കാപ്പൻ ജയിലനുഭവങ്ങൾ പങ്ക് വച്ചു. അകാരണമായി തടവിലക്കപ്പെട്ട നൂറ് കണക്കിനാളുകളെ ലഖ്നൗ ജയിലിൽ കണ്ടുമുട്ടി. ജയിലിലടക്കപ്പെട്ടതു മുതൽ കേരളീയ പൊതുസമൂഹം നൽകിയ പിന്തുണ വലിയ ആത്മവിശ്വാസമാണ് നൽകിയത്. മുസ്ലിം ലീഗും യൂത്ത് ലീഗും നൽകിയ പിന്തുണ നന്ദിയോടെ ഓർക്കുകയാണ്. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുൾ വഹാബും അബ്ദുസ്സമദ് സമദാനിയും പാർലമെൻ്റിൽ വിഷയം ഉന്നയിച്ച വാർത്ത ജയിലിൽ വെച്ച് വായിച്ചിരുന്നു. മാധ്യമ ലോകത്തെ സഹപ്രവർത്തകരെയും മറക്കാനാവില്ല. തടവിൽ കഴിഞ്ഞ ഓരോ ദിവസവും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കൈമോശം വന്നിരുന്നില്ല. 5000 പേജുള്ള കുറ്റപത്രമാണ് യു.പി പോലീസ് തയ്യാറാക്കിയത്. അമേരിക്കയിലെ ബ്ലാക്ക് ലിവ്സ് മാറ്റർ ക്യാമ്പയിനുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണം ചെയ്ത് ഹത്രാസിലെ ഗ്രാമീണർക്കിടയിൽ കലാപത്തിന് ശ്രമിച്ചു തുടങ്ങിയ ബാലിശമായ ആരോപണങ്ങളായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യയുടെ മതനിരപേക്ഷ മനസിന് എത്രമാത്രം കരുത്തുണ്ടെന്ന് ഒന്നുകൂടി ബോധ്യമാകുന്ന വലിയ പിന്തുണയാണ് ജാതി മത ഭേദമന്യേ ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. കാപ്പന്റെ ജയിൽ മോചനത്തിന് നിശ്ചയ ദാർഢ്യത്തോടെ പൊരുതിയ റൈഹാനത് കാപ്പനെ യൂത്ത് ലീഗ് നേതാക്കൾ അഭിനന്ദിച്ചു.

ഫോട്ടോ : ജയിൽ മോചിതനായി വീട്ടിലെത്തിയ സിദ്ദിഖ് കാപ്പനെ യൂത്ത് ലീഗ് ദേശീയ നേതാക്കൾ സന്ദർശിക്കുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്