ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ കേരളത്തിലെത്തിച്ചു
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുമായി വ്യാഴാഴ്ച പുലര്‍ച്ചെ അന്വേഷണ സംഘം കേരളത്തിലെത്തി.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വച്ചായിരുന്നു ഡെൽഹി സ്വദേശിയാായ ഷാരൂഖിനെ മഹാരാഷ്ട്ര എ.ടി.എസ്. അറസ്റ്റ് ചെയ്തത്.
കേരളാ പൊലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്കാണ് കൊണ്ടുപോകുന്നത്. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിന് സമീപത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് വാഹനം കേടായത്.
ഒരു മണിക്കൂറിലേറെ പ്രതിയുമായി വഴിയിൽ കിടന്നു. പുലർച്ചയോടെ പ്രതിയുമായി കോഴിക്കോട് എത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ ടയർ പഞ്ചറായതോടുകൂടി പ്രതിയും അന്വേഷണസംഘവും വഴിയിൽ കുടുങ്ങി. പിന്നീട് മറ്റൊരു വാഹനമെത്തിയാണ് യാത്ര തുടർന്നത്.
വാഹനത്തിന്റെ പിന്നിലെ സീറ്റിൽ കിടക്കുകയായിരുന്നു ഷാരൂഖ്. ഇയാളുടെ മുഖം വെള്ളത്തോര്‍ത്തുകൊണ്ട് മറച്ചിരുന്നു. വാഹനത്തിനുളളിൽ പ്രതിയാണെന്ന് അറിഞ്ഞതോടെ പ്രദേശത്ത് നിരവധി പേർ തടിച്ചുകൂടി.
ഷാരൂഖിനെ കോഴിക്കോട്ട് എത്തിച്ച ശേഷം ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു അക്രമം നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മഹാരാഷ്ട്ര എടിഎസ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഷാരൂഖ് സെയ്ഫി അറസ്റ്റിലായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa