ശിഹാബ് ചോറ്റൂരിനെ കണ്ടതിനു ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ സൗദിയിൽ മലയാളി വാഹനമിടിച്ച് മരിച്ചു
അൽ റസ്: ഹജ്ജ് നിർവ്വഹിക്കാൻ നടന്ന് പോകുന്നതിന്റെ ഭാഗമായി സൗദിയിലെത്തിയ ശിഹാബ് ചോറ്റൂരിനെ വഴിയിൽ കണ്ട് മുട്ടി സലാം പറഞ്ഞ് പിരിഞ്ഞ് റോഡ് മുറിച്ച് കടക്കുകയായിരുന്ന മലപ്പുറം സ്വദേശി വാഹനമിടിച്ച് മരിച്ചു.
വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ് (47) ആണ് റിയാദ് അൽ ഖബറയിൽ വെച്ച് മരിച്ചത്. ശിഹാബിനെ വഴിയിൽ വെച്ച് കണ്ട് സലാം പറഞ്ഞ് പിരിഞ്ഞ ഇദ്ദേഹം റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
വാഹനമിടിച്ച് പരിക്കേറ്റ അബ്ദുൽ അസീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ റസിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള റിയാദ് അൽ ഖബറ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.
ശിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കൂടെ നടക്കുന്നതിനിടെ അല്ല അപകടം സംഭവിച്ചത് എന്ന വസ്തുത ശിഹാബ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.
അൽ റസ് ജനറൽ ഹോസ്പിറ്റലിലാണ് മയ്യിത്ത് ഉള്ളത്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ തുടരുന്നു. നടപടി ക്രമങ്ങൾക്ക് അൽ റസ് ഐസിഎഫ് നേതാക്കളും, കെഎംസിസി യൂണിറ്റ് കമ്മറ്റിയും നേതൃത്വം നൽകുന്നു. ഐസിഎഫ് പ്രതിനിധികളായ അബ്ബാസ് സഖാഫി ആലിപറമ്പ്, ഫാറൂഖ് ഹാജി കരുനാഗപ്പള്ളി, സിദ്ദിഖ് കണ്ണൂർ എന്നിവരാണ് അൽറാസ് ജനറൽ ആശുപത്രിയിൽ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
ഭാര്യ: ഹഫ്സത്ത്, മക്കൾ: ശംസിയ, താജുദ്ദീൻ, മാജിദ്, മരുമകൻ: സൽമാൻ. റിയാദിലുള്ള മകളും ബന്ധുക്കളും അൽറാസിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലാണ്
പരേതനു വേണ്ടി പ്രാർഥിച്ച ശിഹാബ് ചോറ്റൂർ അദ്ദേഹത്തെ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa