ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം കൊച്ചിയിലിറക്കി; വിമാനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ
ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിൽ പ്രതിഷേധിച്ച് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ.
കഴിഞ്ഞ ദിവസം പുലർച്ചെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് തവണ സമയം മാറ്റിയതിനു ശേഷമായിരുന്നു ഇന്ന് രാവിലെ പുറപ്പെട്ടത്. പല യാത്രക്കാരും ജിദ്ദ എയർപോർട്ടിൽ വന്ന് തിരികെ റൂമിൽ പോയതിനു ശേഷവും ദീർഘ നേരം ജിദ്ദയിൽ കാത്തിരുന്നുമെല്ലാമാണു ഇന്ന് കരിപ്പൂർ ലക്ഷ്യമാക്കി അവസാനം പറന്നത്.
എന്നാൽ ജിദ്ദയിൽ നിന്ന് വൈകിപ്പുറപ്പെട്ട വിമാനം കരിപ്പൂരിൽ റൺ വേ വർക്ക് ആയതിനാൽ അവിടെ ഇറക്കാൻ അനുമതിയില്ലാത്തതിനാൽ കൊച്ചിയിൽ ഇറക്കാൻ നിർബന്ധിതമാകുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.
കരിപ്പൂരിലേക്ക് കൊച്ചിയിൽ നിന്ന് ബസ് ഏർപ്പെടുത്താമെന്ന് വിമാനക്കംബനി അറിയിച്ചെങ്കിലും പ്രായമായ ഉംറ തീർഥാടകരടക്കമുള്ളവർക്ക് ബസ് യാത്ര നിലവിൽ ആലോചിക്കാൻ തന്നെ കഴിയില്ലെന്ന് യാത്രക്കാരിൽ ഒരാളായ നൗഷാദ് കുഴിമണ്ണ അറേബ്യൻ മലയാളിയെ അറിയിച്ചു. പുറമെ ഡോക്ടർമാർ ബസ് യാത്ര തന്നെ വിലക്കിയ യാത്രക്കാരും കൂട്ടത്തിലുണ്ട്.
കൊച്ചിയിൽ നിന്ന് കരിപ്പൂരിലേക്ക് ബദൽ വിമാനം ഏർപ്പെടുത്താതെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങില്ല എന്ന നിലപാടിൽ ആണ് ഇപ്പോൾ യാത്രക്കാർ. നേരത്തെ ജിദ്ദയിൽ ഒരു ദിവസത്തോളം വൈകിയതിന്റെ തളർച്ചയും നിരാശയും യാത്രക്കാർക്കുണ്ട്.
ബസ് യാത്ര ബുദ്ധിമുട്ട് ആയതിനാൽ വൈകുന്നേരം 5 മണിക്ക് ശേഷം കരിപ്പൂർ റൺ വേ ഓപ്പൺ ആകുമെന്നതിനാൽ 5 മണിക്ക് ശേഷം എത്തുന്ന രീതിയിൽ കൊച്ചി കരിപ്പൂർ വിമാനം ഏർപ്പെടുത്തിയാലും മതി എന്നാണു യാത്രക്കാർ പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa