അറേബ്യൻ മലയാളിയുടെ റിപ്പോർട്ടിനു പിറകെ ശക്തമായ ഇടപെടലുകൾ; സ്പൈസ്ജെറ്റ് വിമാനം കരിപ്പൂരിലേക്ക് പറന്നു
ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിനാൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ പ്രതിഷേധിച്ച സംഭവത്തിനു ശുഭകരമായ പര്യവസാനം.
വിമാനത്തിലെ യാത്രക്കാരൻ അറിയിച്ചതിനനുസരിച്ച് അറേബ്യൻ മലയാളി സംഭവം ആദ്യം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു വിഷയം വലിയ ചർച്ചകൾക്കും അവസാനം ശുഭകരമായ തീരുമാനത്തിലേക്കും കടന്നത്.
സ്ഥലം പോലീസ് ഉദ്യോഗസ്ഥരടക്കം ചർച്ചകളിൽ സജീവമായി ഇടപെടുകയും അവസാനം അതേ വിമാനം വൈകുന്നേരം 7 മണിക്ക് കരിപ്പൂരിലേക്ക് തിരിച്ച് വിടുകയുമായിരുന്നു.
നെടുംബാശേരിക്കടുത്തുള്ള പ്രദേശങ്ങളിലെ യാത്രക്കാർക്ക് നെടുംബാശേരിയിൽ നിന്ന് തന്നെ ലഗേജ് സ്വീകരിച്ച് വീട്ടിൽ പോകാനും ബാക്കിയുള്ളവർക്ക് കരിപ്പൂരിലേക്ക് അതേ വിമാനത്തിൽ പറക്കാനുമായിരുന്നു അവസരം നൽകിയത്.
പ്രതിഷേധം ഫലം ചെയ്തുവെന്നും പ്രശ്നം വലിയ ചർച്ചയാകാൻ അറേബ്യൻ മലയാളിയുടെ റിപ്പോർട്ട് കാരണമായെന്നും താൻ അടക്കമുള്ള യാത്രക്കാർ സുരക്ഷിതമായി കരിപ്പൂർ വഴി വീട്ടിലെത്തിയെന്നും ഈ സംഭവം ആദ്യം ഞങ്ങളെ അറിയിച്ച നൗഷാദ് എം കെ കുഴിമണ്ണ അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് തവണ സമയം മാറ്റിയതിനു ശേഷമായിരുന്നു ഇന്ന് രാവിലെ പുറപ്പെട്ടത്. പല യാത്രക്കാരും ജിദ്ദ എയർപോർട്ടിൽ വന്ന് തിരികെ റൂമിൽ പോയതിനു ശേഷവും ദീർഘ നേരം ജിദ്ദയിൽ കാത്തിരുന്നുമെല്ലാമാണു ഇന്ന് കരിപ്പൂർ ലക്ഷ്യമാക്കി അവസാനം പറന്നത്.
എന്നാൽ ജിദ്ദയിൽ നിന്ന് വൈകിപ്പുറപ്പെട്ട വിമാനം കരിപ്പൂരിൽ റൺ വേ വർക്ക് ആയതിനാൽ അവിടെ ഇറക്കാൻ അനുമതിയില്ലാത്തതിനാൽ കൊച്ചിയിൽ ഇറക്കാൻ നിർബന്ധിതമാകുകയായിരുന്നു.
കരിപ്പൂരിലേക്ക് കൊച്ചിയിൽ നിന്ന് ബസ് ഏർപ്പെടുത്താമെന്ന് വിമാനക്കംബനി അറിയിച്ചെങ്കിലും പ്രായമായ ഉംറ തീർഥാടകരടക്കമുള്ളവർക്ക് ബസ് യാത്ര പ്രയാസമാകുമെന്നതിനാൽ ബസിൽ കരിപ്പൂരിലേക്ക് പോകാൻ യാത്രക്കാർ തയ്യാറായില്ല.
കൊച്ചിയിൽ നിന്ന് കരിപ്പൂരിലേക്ക് ബദൽ വിമാനം ഏർപ്പെടുത്താതെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങില്ല എന്ന നിലപാടിൽ യാത്രക്കാർ ഉറച്ച് നിൽക്കുകയയിരുന്നു. നേരത്തെ ജിദ്ദയിൽ ഒരു ദിവസത്തോളം വൈകിയതിന്റെ തളർച്ചയും നിരാശയും യാത്രക്കാർക്കുണ്ടായിരുന്നു താനും.
ഏതായാലും വിമാനം കരിപ്പൂരിലേക്ക് തന്നെ തിരിച്ച് വിട്ടത് വൃദ്ധരും രോഗികളുമായ നിരവധി യാത്രക്കാർക്ക് വലിയ ആശ്വാസമായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa