Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി വിദ്യാർഥികളും യുവാക്കളും മയക്ക് മരുന്ന് കേസിൽ തടവിൽ

ദമാം: സൗദിയിൽ മലയാളി വിദ്യാർഥികളടക്കം നിരവധി പ്രവാസികൾ മയക്ക് മരുന്ന് കേസിൽ തടവിലാക്കപ്പെട്ടതായി റിപ്പോർട്ട്.

സൗദിയിലെ ഈസ്റ്റേൺ പ്രൊവിൻസിൽ നടക്കുന്ന മയക്ക് മരുന്ന് വേട്ടകളിൽ വിദ്യാർഥികളടങ്ങുന്ന നിരവധി ഇന്ത്യൻ യുവാക്കൾ പോലീസ് പിടിയിലായതായാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്.

മറ്റു രാജ്യങ്ങളിൽ നിന്നുള്ള വൻ മയക്ക് മരുന്ന് റാക്കറ്റിന്റെ വലയിൽ അകപ്പെടുന്ന യുവ സമൂഹം പിന്നീട് ഊരിപ്പോരാൻ കഴിയാത്ത വിധം കുടുങ്ങിപ്പോകുകയാണെന്നാണു അറിയാൻ സാധിക്കുന്നത്.

പുക വലിയടക്കമുള്ള ദുശീലങ്ങൾ ഒന്നും ഇല്ലാത്ത മലയാളി വിദ്യാർഥികൾ പോലും ഈ റാക്കറ്റിന്റെ വലയിൽ അകപ്പെടുന്നു എന്നതാണ് ഏറെ അത്ഭുതകരം. ഇത് തന്നെ ഈ ലോബിയുടെ ക്യാൻവാസിങിന്റെ വ്യാപ്തി വിളിച്ചോതുന്നതാണ്.

പല മലയാളി കുടുംബ നാഥന്മാരും മക്കളുടെ മയക്ക് മരുന്ന് ഇടപാട് കാരണം കുടുംബത്തെയടക്കം ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങിയതായും അനുഭവങ്ങൾ പറയുന്നു.

ഓൺലൈനിൽ മയക്ക് മരുന്നിനു ഓർഡർ നൽകി പേയ്മെന്റ് നൽകുകയും ഒരു നിശ്ചിത സ്ഥലത്ത് ഏജന്റുമാർ മയക്ക് മരുന്ന് എത്തിച്ച് ഒളിപ്പിച്ച് ലൊക്കേഷൻ അറിയിക്കുകയും ആവശ്യക്കാർ പിന്നീട് അവിടെ പോയി സാധനം കൈക്കലാക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ സ്വീകരിക്കുന്നത് എന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്.

ഈ സാഹചര്യത്തിൽ ആദ്യം നടപടികൾ തുടങ്ങേണ്ടത് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നാണ്‌ എന്നാണ് പൊതു പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ കയ്യിൽ പണം നൽകുന്നതും അത് ചെലവാക്കുന്നതും എല്ലാം നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം അധികമായി പണം കുട്ടികളുടെ അടുത്ത് കാണപ്പെടുന്നതും കൂട്ടുകെട്ടുകളും എല്ലാം നിരീക്ഷിക്കേണ്ടതുണ്ട്.

താത്ക്കാലികമായി ഒരു സമയം ലഭിക്കുന്ന സുഖത്തിനായിരിക്കും പല കുട്ടികളും ഇത് സുഹൃത്തുക്കളോടൊപ്പം ആദ്യം പരീക്ഷിക്കുന്നത്. എന്നാൽ പിന്നീട് ഇത് നിയന്ത്രണാധീതമാകുകയും കുട്ടികൾ മയക്ക് മരുന്നിനു സ്ഥിരം അടിമകളാകുകയും ചെയ്യുന്ന കാഴ്ചയാണ് കാണേണ്ടി വരിക.

അത് കൊണ്ട് തന്നെ വിദ്യാർഥികൾക്കും അതോടൊപ്പം രക്ഷിതാക്കൾക്കും സ്കൂളിൽ നിന്ന് തന്നെ വ്യക്തമായ വോധവത്ക്കരണ ക്ലാസുകൾ നടത്താൻ സ്കൂൾ അധികൃതരും ഇനി കാലതാമസം വരുത്താൻ പാടില്ല.

സമൂഹത്തിനും കുടുംബത്തിനും ദേശത്തിനും എല്ലാം ഭീഷണിയായി വളരുന്ന ഈ മയക്ക് മരുന്നിന്റെ നീരാളിപ്പിടിത്തത്തിൽ പെടാതിരിക്കാൻ ആവശ്യമായ ബോധവത്കരണം കുട്ടികൾക്കും യുവാക്കൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാമൂഹിക സംഘടനകളും ബാധ്യസ്ഥരാണ്.

സൗദിയിൽ ഇപ്പോൾ മയക്ക് മരുന്നിരെതിരായ വലിയ ക്യാമ്പയിൻ തന്നെ നടക്കുകയാണ്. ഇത് പലപ്പോഴും അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതു തരത്തിൽ മയക്ക് മരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയാലും അത് പിടികൂടുന്നതിനു അധിക താമസം ഉണ്ടാകില്ല. രക്ഷിതാക്കൾ തങ്ങളുടെ മക്കളെ നിരീക്ഷിച്ചില്ലെങ്കിൽ മക്കൾ തടവറയിൽ ആകപ്പെടുന്ന വാർത്ത കേട്ട് തല കുനിക്കാനേ പിന്നീട് സാധിക്കുകയുള്ളൂ എന്നോർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്