ഇഖാമ നമ്പറിൽ വ്യാജ സിം കാർഡ്; ജയിലിലായ പ്രവാസി മോചിതനായി
റിയാദ്: തന്റെ ഇഖാമയിൽ എടുത്ത വ്യാജ സിംകാർഡിലൂടെ പണത്തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ജയിലിലായ പ്രവാസി ഒടുവിൽ നിരപരാധിത്വം ബോധിപ്പിച്ച് ജയിൽ മോചിതനായി.
റിയാദിൽ വെച്ച് ഒരു കടയിൽ നിന്ന് ഫിംഗർപ്രിന്റ് കൊടുത്ത് സിം കാർഡ് എടുത്ത തമിഴ്നാട് സ്വദേശി മുഹമ്മദ് സ്വഫ് വാൻ ആയിരുന്നു കുരുക്കിലായത്.
ഇദ്ദേഹം നാട്ടിൽ പോകാൻ നേരം എക്സിറ്റ് വിസ ഇഷ്യൂ ചെയ്യാൻ സാധിക്കാതെ വന്നപ്പോഴാണ് കാരണം അന്വേഷിച്ചതും തൻറെ പേരിൽ എടുത്ത വ്യാജ സിം കാർഡ് ഉപയോഗിച്ച് പണത്തട്ടിപ്പ് നടന്നതായും വ്യക്തമായത്.
സഫ് വാന്റെ പേരിൽ എടുത്ത വ്യാജ സിം കാർഡ് ഉപയോഗിച്ച് മറ്റൊരാളുടെ അക്കൗണ്ടിൽ നിന്ന് 2100 റിയാൽ തട്ടിപ്പു സംഘം പിൻവലിച്ചതായിരുന്നു കേസിനാധാരം. പണം നഷ്ടപ്പെട്ട വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് സിം കാർഡ് ഉടമയായ സഫ് വാൻ പിടിക്കപ്പെടുന്നതും മൂന്നുമാസത്തോളം കേസും ജയിലുമായി കഴിയേണ്ടി വന്നതും.
ഒടുവിൽ സ്പോൺസർ വരെ കയ്യൊഴിഞ്ഞ സഫ് വാനെ റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തുവ്വുരിന്റെ ഇടപെടൽ ആണ് ജയിൽ മോചിതനാക്കിയത്.
റിയാദിലെ ബഥ്ഹയിലെ ഒരു കടയിൽ നിന്ന് സിം കാർഡ് എടുക്കാൻ താൻ മൂന്ന് തവണ ഫിംഗർ പ്രിൻറ് നൽകിയതായി സഫ് വാൻ പറഞ്ഞിരുന്നു. ഈ മൂന്ന് തവണ ഫിംഗർ പ്രിൻറ് എടുത്തതും തട്ടിപ്പു സംഘം മൂന്ന് സിം കാർഡ് ഇഷ്യൂ ചെയ്യാൻ ഉപയോഗപ്പെടുത്തിയതായി പിന്നീടുള്ള പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഒരു വ്യക്തിയുടെ ഇഖാമയുടെ പേരിൽ എത്ര സിം കാർഡ് ഇഷ്യു ചെയ്തിട്ടുണ്ട് എന്ന് അറിയാനുള്ള മാർഗങ്ങൾ ഉപയോഗപ്പെടുത്തി അധികമായി സിം കാർഡ് ഇഷ്യു ചെയ്തതായി കാണപ്പെടുകയാണെങ്കിൽ അവ പെട്ടെന്നുതന്നെ ക്യാൻസൽ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സിം കാർഡുകൾ ഔദ്യോഗിക സെന്ററുകളിൽ നിന്ന് മാത്രം ഇഷ്യു ചെയ്യണെന്നും സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
നേരത്തെ സമാനമായ ഒരു കേസിൽ ഒരു മലയാളിയും ഇത്തരത്തിൽ കുടുങ്ങുകയും ഒടുവിൽ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa