Saturday, November 23, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ വിവിധ സംശയങ്ങൾക്ക് ജവാസാത്ത് നൽകിയ മറുപടികൾ കാണാം

സൗദിയിലെ വിദേശ തൊഴിലാളികളുടെ ഫൈനൽ എക്സിറ്റ് വിസയുമായും റി എൻട്രി വിസയുമായും മൾട്ടി റി എൻട്രി വിസയുമായും ബന്ധപ്പെട്ട് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട, ജവാസാത്ത് നല്കിയ വിശദീകരണങ്ങൾ താഴെ കൊടുക്കുന്നു.

ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഒരു വിദേശിയുടെ പാസ്പോർട്ടിൽ ചുരുങ്ങിയത് 60 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കേണ്ടതുണ്ട്.

ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ പ്രസ്തുത വിസയിൽ പിന്നിട് 60 ദിവസം കൂടി സൗദിയിൽ കഴിയാം. ഇഖാമ കാലാവധി ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമില്ല. 60 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയില്ലെങ്കിൽ പിഴ നൽകേണ്ടി വരും.

എക്സിറ്റ് കാലാവധിയും ഇഖാമ കാലാവധിയും അവസാനിച്ചയാളാണെങ്കിൽ പഴയ എക്സിറ്റ് വിസ കാൻസൽ ചെയ്യണമെങ്കിൽ ആദ്യം ഇഖാമ പുതുക്കേണ്ടതുണ്ട്.

അതേ സമയം പ്രവാസികൾക്ക് റീഎൻട്രി വിസ നൽകുന്നതിന് പാസ്പോർട്ടിൽ ഏറ്റവും കുറഞ്ഞത് 90 ദിവസം കാലാവധി ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ.

ഇഷ്യു ചെയ്യുന്ന റി എൻട്രി വിസാ കാലാവധി മാസങ്ങളിൽ കണക്കാക്കിയതാണെങ്കിൽ (60, 90, 120 ദിവസങ്ങൾ പോലെ) വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ സൗദി വിട്ടാൽ മതി. യാത്രാ തീയതി മുതൽ ആണ് വിസയുടെ കാലാവധി കണക്കാക്കുക. എന്നാൽ വിസ ഇഷ്യു ചെയ്യുന്നത് ദൈർഘ്യം കുറച്ച് കുറഞ്ഞ ദിവസത്തേക്ക് പരിമിതപ്പെടുത്തുകയോ അല്ലെങ്കിൽ ഒരു നിശ്ചിത തീയതിക്ക് മുമ്പായി മടങ്ങുകയോ ആണെങ്കിൽ, വിസയുടെ കാലാവധി അത് ഇഷ്യു ചെയ്ത തീയതി മുതൽ കണക്കാക്കും. അതായത് ഈ സന്ദർഭത്തിൽ സൗദിയിൽ നിന്ന് പോകാൻ വൈകുന്ന ഓരോ ദിവസവും വിസാ കാലാവധിയിൽ നിന്ന് കുറക്കപ്പെടും എന്ന് സാരം.

റിഎൻട്രി വിസ നൽകുന്നതിനുള്ള ഫീസ് പരമാവധി രണ്ട് മാസത്തെ കാലാവധിക്ക് 200 റിയാൽ ആണ്, അതേ സമയം അതിൽ കൂടുതൽ കാലാവധി വേണ്ടവർക്ക് ഓരോ അധിക മാസത്തിനും 100 റിയാൽ അധികം നൽകുന്നതിനനുസരിച്ച് കൂടുതൽ കാലയളവ് ലഭിക്കും.

മൾട്ടി റീഎൻട്രി വിസ നൽകുന്നതിനുള്ള ഫീസ് പരമാവധി മൂന്ന് മാസത്തേക്കുള മൾട്ടി യാത്രകൾക്ക് 500 റിയാൽ ആണ്, കൂടാതെ ഇഖാമയുടെ വാലിഡിറ്റി കാലയളവിന്റെ പരിധിക്കുള്ളിൽ ഓരോ അധിക മാസത്തിനും 200 റിയാൽ വീതം അധികം നൽകിയും മൾട്ടി റി എൻട്രി ഇഷ്യു ചെയ്യാം.

റി എൻട്രി വിസ ഇഷ്യു ചെയ്ത് മാക്സിമം സമയ പരിധിക്കുള്ളിൽ സൗദി വിടുകയോ വിസ കാൻസൽ ചെയ്യുകയോ ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴ നൽകേണ്ടി വരും.

യാത്രയ്‌ക്ക് ഒരു പ്രവാസിക്ക് സാധുവായ വിസയും സാധുവായ ഒരു യാത്രാ രേഖയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കുകയും വേണം എന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്