സൗദിയിൽ ഇന്ത്യക്കാരനെ വെട്ടിയ പാകിസ്ഥാനി അറസ്റ്റിൽ
സൗദിയിൽ ഇന്ത്യക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പാകിസ്ഥാൻ സ്വദേശി അറസ്റ്റിൽ. റോയൽ കമ്മീഷനിൽ അരാംകോയുടെ കരാർ ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരാണ് രണ്ടുപേരും.
ബീഹാർ സ്വദേശി ഷെയ്ഖ് മുഹമ്മദ് എം.ഡി മൊനാഫിനെയാണ് വാക്ക് തർക്കത്തിനൊടുവിൽ പാക്കിസ്ഥാൻ സ്വദേശിയായ അമിൻ ഖാൻ വെട്ടിപ്പരിക്കേൽപ്പിച്ചത്.
താമസസ്ഥലത്തു വെച്ച് രണ്ടുപേരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുകയും ഷെയ്ഖ് മുഹമ്മദിനെ പുറകിൽ നിന്ന് കഴുത്തിന് വെട്ടിയതിന് ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു. റിയാദിൽ വെച്ചാണ് പ്രതി പിന്നീട് പിടിയിലായത്.
കുത്തേറ്റതിന് ശേഷം മൂന്ന് ആഴ്ചയോളമായി യാമ്പു റോയൽകമ്മിഷൻ ജനറൽ ഹോസ്പിറ്റലിൽ അത്യാസന്ന നിലയിലായിരുന്ന ഷെയ്ഖ് മുഹമ്മദിനെ രണ്ട് ദിവസം മുമ്പാണ് വാർഡിലേക്ക് മാറ്റിയത്.
കമ്പനി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് യാമ്പു കമ്യൂണിറ്റി വെൽഫെയർ മെമ്പർ ശങ്കർ എളങ്കുറിനെ വിളിച്ച് കാര്യവിവരം അന്വേഷിക്കാനും വേണ്ട സഹായം നൽകുവാനും നിർദേശിച്ചു.
കഴുത്തിന്റെ പുറകിൽ ആഴത്തിലുള്ള മുറിവ് പൂർണമായും മാറിയിട്ടുണ്ടെങ്കിലും, ഞരമ്പുകൾ അറ്റുപോയതുകൊണ്ട് ചലനശേഷി നഷ്ടപ്പെട്ടിരുന്ന കൈകാലുകൾ ഫിസിയോ തെറാപ്പിയിലൂടെ സുഖപ്പെട്ട് വരുന്നുണ്ട്.
തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും, മറ്റാനുകൂല്യങ്ങളും, സഹായത്തിനായി കൂടെ പോകുന്ന ആളുടെ യാത്രാ ചിലവും കമ്പനി വഹിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
34 കാരനായ ഷെയ്ഖ് മുഹമ്മദ് എട്ട് വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. രണ്ടു പ്രാവശ്യം മാത്രമാണ് ഇതിനിടയിൽ നാട്ടിൽ പോയിട്ടുള്ളത്. മൂന്ന് കുട്ടികളും ഭാര്യയും നാട്ടിൽ ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa