സൗദിയിൽ കാണാതായ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദിൽ മൂന്നാഴ്ചകൾക്ക് മുമ്പ് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി.
കന്യാകുമാരിയിലെ അരുമനൈ തെറ്റിവിളയിൽ സ്വദേശി ജോൺ സേവ്യറിന്റെ (43) മൃതദേഹമാണ് ഇന്ന് ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ജൂലൈ 25 നു നജ്റാനിൽ നിന്ന് റിയാദിലെ അസീസിയ സാപ്റ്റ്കോ സ്റ്റാൻഡിൽ വന്നിറങ്ങിയതായിരുന്നു ജോൺ സേവ്യർ.കഴിഞ്ഞ വർഷം ജൂലൈ 9 നായിരുന്നു നജ്റാനിൽ മേസൺ ജോലിക്കായി ജോൺ നാട്ടിൽ നിന്ന് എത്തിയത്.
കരാർ ജോലി ചെയ്തു വലിയ സാമ്പത്തിക ബാധ്യത വന്നതിനാൽ ഇദ്ദേഹത്തോട് ഇദ്ദേഹത്തിൻറെ സുഹൃത്ത് റിയാദിലേക്ക് വരാൻ ആവശ്യപ്പെടുകയും തുടർന്ന് ഇദ്ദേഹം റിയാദിൽ എത്തുകയുമായിരുന്നു.
എന്നാൽ റിയാദിൽ ബസ് ഇറങ്ങിയ ജോൺ തന്റെ സുഹൃത്തിന് വിളിച്ചപ്പോൾ സുഹൃത്തിൻറെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. ഇത് ജോണിനെ വലിയ മാനസിക പ്രയാസത്തിലാക്കിയിരുന്നു. ഈ വിവരം തൻറെ മകനെ നാട്ടിലേക്ക് വിളിച്ചറിയിക്കുകയും തന്നെ സുഹൃത്ത് ചതിച്ചതായി പറയുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് ജോണിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനാൽ മാധ്യമങ്ങളിലും മറ്റും കാണാതായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ, അസീസിയ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ എംബസിയിലേക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ ശുമൈസി മോർച്ചറിയിൽ എത്തുകയും മൃതദേഹം ജോൺ സേവ്യറിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. പോലീസ് രേഖകളിൽ ജൂലൈ 29ന് അദ്ദേഹം മരിച്ചതായാണ് വിവരം ഉള്ളത്.
ഭാര്യയും അമ്മയും രണ്ട് മക്കളും അടങ്ങുന്നതാണ് ജോൺ സേവ്യൻ കുടുംബം. മൃതദേഹം നാട്ടിലേക്ക് അയക്കാൻ ശ്രമങ്ങൾ തുടരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa