മൂന്ന് വർഷ പ്രവശന വിലക്ക് വക വെക്കാതെ പുതിയ വിസയിൽ സൗദിയിലേക്ക് പോയ മലയാളിക്ക് കഴിഞ്ഞയാഴ്ച സംഭവിച്ചത്
സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ അവധിക്ക് നാട്ടിലെത്തി വിസ എക്സ്പയർ ആകുകയും മൂന്ന് വർഷം കഴിയാതെ പുതിയ വിസയിൽ സൗദിയിലേക്ക് വീണ്ടും പറക്കുകയും ചെയ്ത ഒരു പ്രവാസി സുഹൃത്ത് തനിക്ക് സൗദി എയർപോർട്ടിൽ കഴിഞ്ഞയാഴ്ച നേരിട്ട അനുഭവം അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചു.
റി എൻട്രി വിസ കാലാവധി കഴിഞ്ഞ് രണ്ടര വർഷം കഴിഞ്ഞതിനു ശേഷമായിരുന്നു ഈ സുഹൃത്ത് വീണ്ടും മറ്റൊരു വിസയിൽ സൗദിയിലേക്ക് പോയത്.
യാത്ര പുറപ്പെടും മുംബ് ഇദ്ദേഹം അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുകയും അദ്ദേഹത്തോട് പുതിയ സ്പോൺസറുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ വരാൻ ചട്ടം കെട്ടാൻ ഞങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
തദനുസരണം ഇദ്ദേഹം പുതിയ സ്പോൺസറുമായി ബന്ധപ്പെടുകയും സൗദി എയർപോർട്ടിൽ ഇറങ്ങുകയും ചെയ്തു. എന്നാൽ എമിഗ്രേഷൻ കൗണ്ടറിൽ വെച്ച് ഫിംഗർ പ്രിൻ്റ് എടുത്തപ്പോൾ റി എൻട്രി കഴിഞ്ഞ് മൂന്ന് വർഷം കഴിയാത്തതിനാൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അറിയിച്ചു.
തുടർന്ന് അദ്ദേഹം പുതിയ സ്പോൺസറെ ബന്ധപ്പെടുകയും സ്പോൺസർ ഉടൻ എയർപോർട്ടിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടെങ്കിലും പ്രവാസിയെ പുറത്ത് വിടാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. പഴയ സ്പോൺസറുടെ സിസ്റ്റത്തിൽ ഇപ്പോഴും ഈ പ്രവാസിയുടെ ഡാറ്റകൾ നില നിൽക്കുന്നുണ്ടെന്നും അത് പഴയ സ്പോൺസർ ഒഴിവാക്കുകയും അയാൾ എയർപോർട്ടിൽ നേരിട്ട് വരികയും ചെയ്യണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.
ശേഷം പ്രവാസി സുഹൃത്ത് പഴ സ്പോൺസർക്ക് വിളിക്കുകയും പ്രശ്നം ബോധിപ്പിക്കുകയും ചെയ്തു. അയാൾ ഉടൻ എയർപോർട്ടിൽ എത്തുകയും പ്രവാസിയുടെ ഡാറ്റകൾ തൻ്റെ സിജിലിൽ നിന്ന് ഒഴിവാക്കുകയും തുടർന്ന് തനിക്ക് ഇയാൾ പുതിയ സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നതിനു കുഴപ്പമില്ലെന്ന് എയർപോർട്ട് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
പഴയ സ്പോൺസറും പ്രശനമില്ലെന്ന് പറയുകയും ഡാറ്റകൾ അയാളുടെ സിജിലിൽ നിന്ന് നീക്കുകയും ചെയ്തതോടെയാണ് തനിക്ക് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാനായതെന്ന് പ്രവാസി സുഹൃത്ത് അറേബ്യൻ മലയാളിയെ അറിയിച്ചു.
ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ റി എൻട്രി വിസാ കാലാവധി പൂർണ്ണമായും കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞതിനു ശേഷം മാത്രം സൗദിയിലേക്ക് പോകുന്നതാണുത്തമമെന്ന് ഈ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. അതേ സമയം ഏതെങ്കിലും സാഹചര്യത്തിൽ മൂന്ന് വർഷ വിലക്ക് സമയം പൂർത്തിയാകും മുംബ് തന്നെ സൗദിയിലേക്ക് പോകേണ്ടി വന്നാൽ പഴയ സ്പോൺസറുമായും പുതിയ സ്പോൺസറുമായും ആദ്യം ബന്ധപ്പെടുകയും എയർപോർട്ടിൽ ഇറങ്ങുന്ന സമയം രണ്ട് പേരും ഹാജരാകുമെന്ന് ഉറപ്പ് വാങ്ങുകയും ചെയ്താൽ ഒരു പക്ഷേ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചേക്കാം. എന്നാൽ ഇത് ഒരിക്കലും നിർദ്ദേശിക്കപ്പെടാവുന്നതോ എപ്പോഴും വിജയിക്കാവുന്നതോ ആയ ഒരു പരിഹാര മാർഗമല്ലെന്ന് ഓർക്കുക. കാരണം നിയമ പ്രകാരം റി എൻട്രി വിസാ കാലാവധി കഴിഞ്ഞതിനു ശേഷം മൂന്ന് വർഷം പിന്നിട്ടാൽ മാത്രമേ മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് പുതിയ വിസയിൽ പോകാൻ സാധ്യമാകുകയുള്ളൂ എന്നതിനാൽ ഉദ്യോഗസ്ഥരുടെ നിലപാട് ഈ വിഷയത്തിൽ അതിപ്രധാനമാണെന്നോർക്കുക.
മറ്റൊരു പ്രധാന സംഗതി, സൗദി ഗവണ്മെൻ്റ് സൗജന്യമായും ചിലർ നാട്ടിൽ നിന്ന് ഫീസ് കൊടുത്തുമെല്ലാം പുതുക്കിയ റി എൻട്രി കാലാവധി പൂർണ്ണമായും കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ട ശേഷം മാത്രം പുതിയ വിസയിൽ പോകുന്നത് സംബന്ധിച്ച് ആലോചിച്ഛാൽ മതി എന്നുള്ളതാണ് . റി എൻട്രി വിസാ കാലാവധി അവസാനിക്കുന്ന ഡേറ്റ് പരിശോധിക്കാൻ https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി. അതേ സമയ പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെയാണു പുതിയ വിസയിൽ മടങ്ങുന്നതെങ്കിൽ ഈ മൂന്ന് വർഷ വിലക്ക് ബാധകമല്ലെന്നും ഓർക്കുക.
BY:ജിഹാദുദ്ദീൻ അരീക്കാടൻ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa