സൗദി അറേബ്യ എണ്ണയുത്പാദനം വെട്ടിക്കുറച്ച നടപടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി
റിയാദ്: സൗദി അറേബ്യ സ്വമേധയാ എണ്ണ ഉൽപ്പാദനം പ്രതിദിനം ഒരു ദശലക്ഷം ബാരൽ വെട്ടിക്കുറക്കാനുള്ള തീരുമാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടുമെന്ന് ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.
ഉത്പാദനം വെട്ടിക്കുറക്കൽ ആദ്യം ജൂലൈയിൽ നടപ്പിലാക്കുകയും പിന്നീട് ഓഗസ്റ്റ്, സെപ്തംബർ വരെ നീട്ടുകയും ചെയ്തു. ഇപ്പോൾ പ്രസ്തുത നടപടി മൂന്ന് മാസത്തേക്ക് കൂടി അഥവാ 2023 ഡിസംബർ അവസാനം വരെ തുടരാനാണ് തീരുമാനം..
തൽഫലമായി, ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സൗദിയുടെ പ്രതിദിന എണ്ണയുത്പാദനം ഏകദേശം 9 ദശലക്ഷം ബാരൽ ആയിരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്വമേധയാ ഉത്പാദനം വെട്ടികുറക്കാനുള്ള ഈ തീരുമാനം പ്രതിമാസ അവലോകനങ്ങൾക്ക് വിധേയമാകുമെന്നും ബന്ധപ്പെട്ട ഉറവിടം വ്യക്തമാക്കി.
ഒപെക് പ്ലസ് അംഗരാജ്യങ്ങൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ അധിക സ്വമേധയാ വെട്ടിക്കുറയ്ക്കൽ.ആഗോള എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുകയാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa