തർഹീൽ വഴി സൗദിയിൽ നിന്ന് നാട്ടിൽ വന്ന് പുതിയ വിസക്ക് സൗദിയിലേക്ക് തിരികെ പോയവർ നേരിട്ട അനുഭവങ്ങൾ അറിയാം
വിവിധ കാരണങ്ങൾ കൊണ്ട് സൗദിയിൽ നിന്ന് ഡീപോർട്ടേഷൻ സെൻ്റർ അഥവാ തർഹീൽ വഴി നാട്ടിൽ വരാൻ നിർബന്ധിതരാകുകയും പിന്നീട് പുതിയ വിസക്ക് പോകേണ്ടി വരികയും ചെയ്ത മൂന്ന് പ്രവാസികൾ അവരുടെ അനുഭവങ്ങൾ അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചു.
തർഹീൽ വഴി നാട്ടിൽ വന്ന് വര്ഷങ്ങൾ കഴിഞ്ഞ്, പുതിയ തൊഴിൽ വിസയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വീണ്ടും സൗദിയിലേക്ക് പോയ മൂന്ന് പേരായിരുന്നു തങ്ങളുടെ അനുഭവങ്ങൾ അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചത്. അവ താഴെ കൊടുക്കുന്നു.
ഇതിൽ ആദ്യത്തെയാൾ, ഉംറ വിസക്ക് പണ്ട് സൗദിയിൽ പോയി ജവാസാത്ത് പിടിച്ച് നാട്ടിലേക്ക് കയറ്റി അയച്ച വ്യക്തിയായിരുന്നു. ഏകദേശം 15 വർഷം കഴിഞ്ഞിട്ടുണ്ടാകും. ഇപ്പോൾ ഈ വ്യക്തി പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് പോയി യാതൊരു പ്രശനവും ഇല്ലാതെ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി.
രണ്ടാമത്തെയാൾ, ബിസിനസ് വിസിറ്റ് വിസക്ക് സൗദിയിലെത്തി കാലാവധി കഴിയാറായപ്പോൾ പുതുക്കാതെ സൗദിയിൽ കഴിയുകയും പിന്നീട് ജവാസാത്തിനു പിടിത്തം കൊടുത്ത് തർഹീൽ വഴി നാട്ടിലേക്ക് കയറ്റി അയക്കപ്പെടുകയും ചെയ്തയാളായിരുന്നു. ഏകദേശം ആറ് വർഷം മുംബായിരുന്നു ഇത്. ഇപ്പോൾ ഈ വ്യക്തി പുതിയ ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിലേക്ക് പോയി യാതൊരു പ്രശ്നവും ഇല്ലാതെ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി.
മൂന്നാമത്തെ വ്യക്തി സ്പോൺസറുമായുള്ള പ്രശ്നത്തെത്തുടർന്ന് മാറി ജോലി ചെയ്യുകയും ജവാസാത്ത് അറസ്റ്റ് ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു. ഏകദേശം ഒരു മാസം ഇയാൾ ഡീപോർട്ടേഷൻ സെൻ്ററിൽ കഴിഞ്ഞിരുന്നു. ഏകദേശം 17 വർഷം മുംബായിരുന്നു അത്. അന്ന് കഫീൽ ഹുറൂബാക്കിയിരുന്നോ എന്ന കാര്യം ഇയാൾക്ക് അറിയില്ല. അതേ സമയം പാസ്പോർട്ടിൽ റെഡ് സീൽ ( ملغي എന്ന് വാക്കിൽ ) വെച്ഛതായി ഇദ്ദേഹം പറഞ്ഞു. തനിക്ക് പുതിയ വിസക്ക് പോകാൻ പ്രയാസമുണ്ടാകുമോ എന്ന് അറിയാൻ കഴിഞ്ഞ വർഷം ഒരു ഉംറ വിസക്ക് പോയി നോക്കിയതായും പ്രശനമൊന്നും കാണാതായപ്പോൾ ഇപ്പോൾ പുതിയ തൊഴിൽ വിസക്ക് തന്നെ പോകുകയും എയർപോർട്ടിൽ നിന്ന് യാതൊരു പ്രശ്നവും ഇല്ലാതെ പുറത്തിറങ്ങിയതായും ഈ വ്യക്തി അറേബ്യൻ മലയാളിയെ അറിയിച്ചു.
തർഹീൽ വഴി വന്ന് കുറച്ച് വർഷങ്ങൾ കഴിഞ്ഞ പലരും പ്രയാസമൊന്നുമില്ലാതെ പുതിയ വിസക്ക് സൗദിയിൽ പോകുന്നുണ്ടെന്നാണു മേൽ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഇത് എല്ലാവർക്കും ഒരു പോലെ പ്രായോഗികമാകണമെന്നില്ല എന്നോർക്കുക. കാരണം ഒരു സ്പോൺസർ കൊടുത്ത പരാതി നില നിൽക്കേ നാട്ടിലെത്തി പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ഉംറ വിസക്ക് പോയ ഒരാൾ ആഴ്ചകളോളം അടുത്ത കാലത്ത് സൗദിയിൽ കുടുങ്ങിയ അനുഭവം അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചിരുന്നു.
എന്നാൽ ക്രിമിനൽ കേസുകളൊന്നുമില്ലാതെ തർഹീൽ വഴി വന്ന പലരും കുറച്ച് കഴിഞ്ഞ് പുതിയ വിസയിൽ പോകുന്നുണ്ടെന്നും ചിലർ അനുഭവം പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ നേരത്തെ സൗദിയിൽ നിന്ന് തർഹീൽ വഴി നാട്ടിലേക്ക് വന്നവർ, ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെങ്കിൽ പുതിയ വിസക്ക് സൗദിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടാകില്ല എന്ന് പറയാമെങ്കിലും സൗദിയിലുള്ള ആളുകളെക്കൊണ്ട് അവിടെ ഇറങ്ങുന്നത് കൊണ്ട് എന്തെങ്കിലും പ്രയാസമുണ്ടാകുമോ എന്ന് പരിശോധിപ്പിക്കുന്നത് നന്നാകും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അല്ലെങ്കിൽ പലരും ചെയ്യുന്നത് പോലെ രണ്ടും കല്പിച്ച് ഇറങ്ങിപുറപ്പെടുക എന്ന അല്പം റിസ്ക് ഉള്ള തീരുമാനവും എടുക്കാം.
( പ്രത്യേകം ശ്രദ്ധിക്കുക: ഇപ്പോൾ ഈ അനുഭവങ്ങൾ വായനക്കാരുമായി പങ്ക് വെക്കാൻ കാരണം, ഇത് പോലെ തർഹീൽ വഴി നാട്ടിൽ വന്ന് പിന്നീട് പുതിയ വിസയിൽ പോയപ്പോൾ വ്യത്യസ്തമായ അനുഭവങ്ങൾ ആർക്കെങ്കിലും ഉണ്ടായെങ്കിൽ അവർ അത് കമൻ്റുകളിലൂടെ പങ്ക് വെക്കുമന്നും അത് നിരവധി പേർക്ക് ഉപകാരം ചെയ്യുമെന്നുമുള്ള പ്രതീക്ഷയിലാണ്. കാരണം ഈ വിഷയത്തിൽ അനുഭവങ്ങൾ വലിയ പാഠങ്ങങ്ങൾ ആണ് എന്ന് എല്ലാവർക്കും അറിയാം. )
BY: ജിഹാദുദ്ധീൻ അരീക്കാടൻ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa