Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ ലെവി ഒഴിവാക്കാൻ സാധ്യതയുണ്ടോ ? പ്രചരിക്കുന്ന വാർത്തയിൽ യാഥാർത്ഥ്യമുണ്ടോ ?

സൗദിയിലെ വിദേശികളുടെ മേൽ നിർബന്ധമായ ലെവി അടുത്ത കാലത്ത് ഒഴിവാക്കാൻ സാധ്യതയുണ്ടോ എന്ന സംശയം പല പ്രവാസികളും അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെ മറ്റും പലപ്പോഴായി ചോദിക്കുന്നുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതായിരുന്നു പ്രവാസികളുടെ സംശയം വർദ്ധിക്കാൻ കാരണം.

എന്നാൽ സൗദി ധനകാര്യ മന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ നിന്ന് നിലവിലെ ലെവി സിസ്റ്റം ഒഴിവാക്കാൻ സാധ്യത കുറവാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

റിയാദ് നിക്ഷേപ സംഗമത്തിൽ, വരും കാലങ്ങളിൽ എണ്ണേതര മേഖലകളിൽ ആയിരിക്കും തങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്നായിരുന്നു മന്ത്രി പ്രസ്താവിച്ചത്.

അക്കാരണം കൊണ്ട് തന്നെ,നിലവിൽ സൗദിയുടെ എണ്ണേതര വരുമാന സ്രോതസ്സിൽ മുഖ്യ ഭാഗമായി മാറിയ ലെവി  ഒഴിവാക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് തന്നെ അനുമാനിക്കാം.

വിഷൻ 2030 ലക്ഷ്യങ്ങൾ പൂർത്തീകരിക്കും വരെയെങ്കിലും ലെവി നില നിൽക്കുമെന്ന് തന്നെയാണ് ധന മന്ത്രിയുടെ പലപ്പോഴായുള്ള പ്രസ്താവനകൾ നൽകുന്ന സൂചനയെന്ന് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ  റസാഖ് വിപി ചേറൂർ അഭിപ്രായപ്പെടുന്നു. ലെവി ഒഴിവാക്കുമെന്ന തരത്തിൽ പ്രചരിക്കുന്നത് തികച്ചും വ്യാജ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഒരു തൊഴിലാളിയുടെ ഇഖാമ പുതുക്കാൻ 9600 റിയാൽ ലെവി അടക്കേണ്ടതുണ്ട്. പുറമെ ജവാസാത്ത് ഫീസും ഇൻഷൂറൻസ് തുകയും കുടി അടക്കണം. ഫാമിലി മെംബേഴ്സിനും ലെവി ബാധകമാണ്.

അതേ സമയം ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയുടെ ഭാരം വരാതിരിക്കാനായി തൊഴിലാളികളുടെ നിശ്ചിത എണ്ണത്തിനനുസരിച്ച്  ലെവിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്