Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ വിസാ നടപടിക്രമങ്ങൾക്കായി പുതിയ ഏകീകൃത പ്ലാറ്റ്ഫോം

സൗദിയിൽ വിസ അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി അറിയിച്ചു.

റിയാദിൽ നടന്ന ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തെ (ഡിജിഎഫ്) അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് “കെ എസ് എ വിസ” എന്ന പേരിൽ പുതിയ പ്ലാറ്റഫോം ആരംഭിച്ചതായി മന്ത്രി പറഞ്ഞത്.

30 ലധികം ഏജൻസികളെയും, മന്ത്രാലയങ്ങളെയും, സ്വകാര്യ മേഖല സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുള്ളത്.

ഹജ് വിസ, ഉംറ, ടൂറിസം, തൊഴിൽ എന്നിവ ഉദ്ദേശിച്ചുകൊണ്ടുള്ള സന്ദർശക വിസ തുടങ്ങി വിവിധ തരം വിസകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് പ്ലാറ്റ്ഫോമിന്റെ ഉദ്ദേശം.

പുതിയ പ്ലാറ്റ്‌ഫോമിന്റെ കാര്യക്ഷമത ഉയര്‍ത്താനും, വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വരും വർഷങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഏകീകൃത പ്ലാറ്റഫോം ആരംഭിച്ചിരിക്കുന്നത്.

നിരവധി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആരംഭിച്ചതിന് ശേഷം, 2030 ഓടെ പ്രതിവർഷം 150 ദശലക്ഷം സന്ദർശകരെ സൗദിയിലെത്തിക്കുകയാണ് ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q