സൗദിയിൽ ജനുവരി 15 മുതൽ വാടക നൽകേണ്ടത് ഈജാർ പ്ലാറ്റ്ഫോമിലൂടെ മാത്രം; അല്ലാത്തവ തെളിവായി കണക്കാക്കില്ല
സൗദിയിൽ ജനുവരി 15 മുതൽ വാടക നൽകേണ്ടത് ഈജാർ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ ചാനലുകൾ വഴി മാത്രമായിരിക്കണമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു.
ബില്ലർ നമ്പർ 153 ഉപയോഗിച്ച് ഈജാർ അംഗീകരിച്ച ഡിജിറ്റൽ പേയ്‌മെന്റ് ചാനലുകളായ, മദ അല്ലെങ്കിൽ സദാദ് വഴിയാണ് വാടക നൽകേണ്ടത്.
“ജനുവരി 15 ന് ശേഷം, ബില്ലർ നമ്പർ 153 ഉപയോഗിച്ചല്ലാതെ മറ്റേതെങ്കിലും രീതിയിൽ നടത്തുന്ന പേയ്‌മെന്റുകൾ വാടക നൽകിയതിന് തെളിവായി കണക്കാക്കില്ല
എല്ലാ പുതിയ താമസ വാടക കരാറുകൾക്കും ഈജാറിന്റെ ഈ പുതിയ നിർദ്ദേശം ബാധകമായിരിക്കും. എന്നാൽ വാണിജ്യ വാടക കരാറുകളെ തൽക്കാലം ഇതിൽ നിന്നൊഴിവാക്കിയിട്ടുമുണ്ട്.
ഡിജിറ്റൽ ചാനലുകൾ വഴി പണമടക്കുന്നത് കൊണ്ട്, പുതിയ റെസിഡൻഷ്യൽ കരാറുകൾക്കായി ഇലക്ട്രോണിക് രസീത് വൗച്ചറുകൾ നൽകുന്നത് ക്രമേണ നിർത്താൻ തുടങ്ങുമെന്ന് അതോറിറ്റി അറിയിച്ചു.
വാടക കരാർ പേയ്‌മെന്റുകൾക്കായി ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
അതോറിറ്റി ലൈസൻസുള്ള ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേന കെട്ടിട ഉടമയും, വാടകക്കാരനും ഈജാറിലെ കരാർ ഡോക്യുമെന്റ് ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഡിജിറ്റൽ ചാനലുകൾ വഴി പണമടച്ചാൽ, അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വാടക കരാറിൽ രജിസ്റ്റർ ചെയ്ത ഭൂവുടമയുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിച്ചേരും.
വാടക പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും വാടകക്കാരുടെയും, കെട്ടിട ഉടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് പുതിയ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa