നോര്‍ക്ക ബിസിനസ് മീറ്റും വായ്പ്പാ മേളയും ജനുവരി 6ന് പൊന്നാനിയിൽ; ഇപ്പോള്‍ അപേക്ഷിക്കാം
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി ജനുവരി 6 ന് മലപ്പുറം പൊന്നാനിയില്‍ ബിസിനസ് മീറ്റും, വായ്പാനിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന പരിപാടി നോര്‍ക്കറൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരളാ ബാങ്ക് ഡയറക്ടര്‍ ശ്രീ.രമേഷ് ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ശ്രീ. അജിത്ത് കോളശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുളള ഫ്രാഞ്ചൈസികള്‍, ഡീലര്‍ഷിപ്പ്, അസംസ്കൃത വസ്തുക്കളുടെ വിതരണം ഉള്‍പ്പെടെയുളള സംരംഭകസാധ്യതകള്‍ കൂടി പരിചയപ്പെടുന്നതിന് സഹായകരമായ രീതിയിലാണ് ബിസ്സിനസ്സ് മീറ്റ് സംഘടിപ്പിച്ചിക്കുന്നത്.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ലോൺ മേള നടത്തുക.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാം.
താല്പര്യമുള്ളവര്‍ www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പാസ്സ്‌പോർട്ടിന്റെ പകർപ്പ്, രണ്ടുവർഷം വിദേശ തൊഴിൽ ചെയ്തു എന്ന് തെളിയിക്കുന്ന വിസാ പേജുകളുടെ പകർപ്പ്,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, / റേഷൻ കാർഡ്, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് മേളയിൽ പങ്കെടുക്കേണ്ടത്.
ഒരു ലക്ഷംരൂപ മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭകപദ്ധതികൾക്കാണ് ഇതുവഴി വായ്പ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന /പലിശ സബ്സിഡികൾ ലഭ്യമാക്കുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa