Saturday, November 23, 2024
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് 100 ഇലക്ട്രിക് വിമാനങ്ങൾ സർവീസ് നടത്തും

ജിദ്ദ: ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലെ വിശുദ്ധ മസ്ജിദുൽ ഹറാമിലേക്കും  പുണ്യസ്ഥലങ്ങളിലേക്കും ഇലക്ട്രിക്  വിമാനത്തിൽ തീർഥാടകരെ എത്തിക്കുന്നതിന്  സേവനം നൽകാനൊരുങ്ങി സൗദിയ ഗ്രൂപ്പ്.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് മക്കയിലെ ഹോട്ടലുകളിലെ എയർസ്ട്രിപ്പുകളിലേക്ക് ആണ് വിമാനങ്ങൾ പറക്കുക.

സർവീസ് നടത്താനായി 100  ജർമ്മൻ ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാൻ കമ്പനി കരാർ നൽകിയിട്ടുണ്ടെന്ന്  സൗദിയ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എഞ്ചിനീയർ അബ്ദുല്ല അൽ-ഷഹ്‌റാനി വ്യക്തമാക്കി.

നാല് മുതൽ ആറ് വരെ യാത്രക്കാരെ വഹിക്കുന്ന വിമാനം പരമാവധി 200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുകയും ചെറിയ എഞ്ചിനുകളുടെ സഹായത്തോടെ ലംബമായി ലാൻഡിംഗ് നടത്തുകയും ചെയ്യുമെന്നും അൽ-ഷഹ്‌റാനി പറഞ്ഞു.

ഹജ്ജ്, ഉംറ സീസണിൽ ഗതാഗത പ്രക്രിയയിൽ ഗുണപരമായ മാറ്റം പ്രതീക്ഷിക്കുന്നതിനാൽ ഇത്തരത്തിലുള്ള ഇലക്ട്രിക് വിമാനങ്ങൾ പറത്താനുള്ള പെർമിറ്റുകൾ നേടുന്നതിന് നിയമനിർമ്മാണ അധികാരികളുമായി ഏകോപിപ്പിച്ച് സൗദി എയർലൈൻസ് പ്രവർത്തിക്കുന്നുണ്ട്.

ആദ്യ ഘട്ട പറക്കൽ സേവനങ്ങൾക്ക് ശേഷം വിമാനത്തിൻറെ എണ്ണം കൂട്ടുന്നതിനോ ആളുകളുടെ കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിനോ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ കൂടെ സർവീസുകൾ നടത്തുന്നതിനോ ഉള്ള പദ്ധതികൾ ചിന്തിക്കുമെന്നും ഷഹ്റാനി കൂട്ടിച്ചേർത്തു. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്