Monday, September 23, 2024
India

ബി എസ് എൻ എല്ലിനെ തകർക്കുന്നു, രാജ്യത്തെ കുത്തകകൾക്കു വേണ്ടി.

രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എൽ ഇന്ന് നിലനിൽപ്പിനായി കേഴുകയാണ്. ടെലികോം മന്ത്രാലയവും കേന്ദ്ര സർക്കാരും അതിനോട് കാണിക്കുന്നത് ചിറ്റമ്മനയമാണ്. രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനികൾക്കു വേണ്ടി നമ്മുടെ പൊതു സ്വത്തായ ഈ സ്ഥാപനത്തെ ഞെക്കിക്കൊല്ലുകയാണെന്ന് ജീവനക്കാരും സംഘടനകളും പറയുന്നു.
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ 5G യിലേക്ക് കാലെടുത്തുവെക്കുമ്പോഴും ബി എസ് എൻ എൽ നിന്നിടത്ത് നിന്ന് കിതക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വരിക്കാരും സാങ്കേതിക ഭൗതിക സൗകര്യങ്ങളുമുള്ള പൊതുമേഖലാ സ്ഥാപനത്തിന് മുന്നോട്ടുള്ള ഗമനത്തിന് ഉടക്കു നിൽക്കുന്നത് സർക്കാർ തന്നെയാണെന്നതാണ് ഖേദകരം.

വിപണിയിൽ പിടിച്ചു നിൽക്കാൻ 4G സ്പെക്ട്രം അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം ഇതുവരെയും ടെലികോംമന്ത്രാലയം ചെവികൊണ്ടിട്ടില്ല. കുത്തകകളെ സഹായിക്കുന്നതിന് വേണ്ടിയുള്ള നടപടിയാണിത്. ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാത്തതും
പണക്കമ്മിയുടെ പേരിലാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അവർ തന്നെ സ്വന്തം നിലയിൽ പണം മുടക്കി ടവർ സ്ഥാപിക്കുന്നതിന് സൗകര്യം ചെയ്ത് കൊടുത്ത വകയിൽ മാസങ്ങളായി വാടക പോലും ലഭിക്കുന്നില്ല.

സ്വകാര്യ ലോബികളെ സന്തോഷിപ്പിക്കുന്നതിനും അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ബോധപൂർവ്വം ബി എസ് എൻ എല്ലിനെ ബലി കൊടുക്കുകയാണ്. രാജ്യത്ത് വളരെ കുറഞ്ഞ സ്ഥലത്ത് മാത്രമാണ് ബിഎസ്എൻഎൽ 4G സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളു.

രണ്ടായിരത്തിലാണ് ബിഎസ്എൻഎൽ നിലവിൽ വന്നത്. അന്ന് രാജ്യത്ത് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നു ഇത് . പിന്നീട് സ്വകാര്യ കമ്പനികളുടെ കടന്നുവരവാണ് ഈ സ്ഥാപനം അവഗണിക്കപ്പെടാൻ കാരണമായത്.
ബി എസ് എൻ എല്ലിന്റെ മെല്ലേപ്പോക്കും സേവനത്തിലെ പോരായ്മയും കാരണം 2000 നു ശേഷം അമ്പത് ശതമാനത്തിലകം വരിക്കാർ കൊഴിഞ്ഞു പോയിട്ടുണ്ട്. ഇതുവഴി കേരളത്തിലല്ലാത്ത സംസ്ഥാനങ്ങളിലൊക്കെ നഷ്ടത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
വികസന പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുകയൊ സ്വന്തം നിലയിൽ വായ്പയെടുക്കാനൊ കമ്പനിയെ അനുവദിക്കുന്നില്ല.
ഒട്ടേറെ ഭൂസ്വത്തും കെട്ടിട സമുച്ചയങ്ങളും ബിഎസ്എൻഎല്ലിനുണ്ട്. ഇതിന്റെ നിയന്ത്രണാധികാരവും വിനിയോഗ സ്വാതന്ത്ര്യവും കമ്പനിക്കു നൽകിയാൽ സ്വന്തം നിലയിൽ വരുമാനം കണ്ടെത്താമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യവും കേന്ദ്ര ഗവർമെൻറ് അംഗീകരിക്കാൻ തയ്യാറല്ല.

ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥ ലോബിക്കും വാരിക്കോരി നൽകുന്ന കുത്തക മുതലാളിമാരെ സംരക്ഷിക്കാതിരിക്കാൻ രാജ്യത്തെ കട്ടുമുടിക്കുന്നവർക്ക് കഴിയില്ല. രാജ്യത്ത് ലാഭത്തിലോടുന്ന അല്ലെങ്കിൽ ലാഭത്തിലാകാൻ സാധ്യതയുള്ള പദ്ധതികൾ ഇവകളൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നത്.

2008 ൽ മൂന്നര ലക്ഷം കോടി വരുമാനമുണ്ടായിരുന്ന സ്ഥാപനത്തെ നഷ്ടത്തിലേക്കെത്തിച്ചത് അഴിമതിക്കാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും കറുത്ത കരങ്ങളായിരുന്നു. ഇതേ കാലയ വളവിൽ ഏഴു കോടി മുപ്പത് ലക്ഷത്തിലധികം വരിക്കാരുമുണ്ടായിരുന്നു. എന്നാൽ ഇന്റർനെറ്റ് വേഗതയും സേവന സുതാര്യതയും തേടിപ്പോകുന്ന ഉപഭോക്താക്കൾ മറ്റു സ്വകാര്യ കമ്പനികളെ സ്വീകരിച്ചു. രാജ്യത്തെ മൊത്തം ഇന്റെർനെറ്റ് ഉപഭോക്താളിൽ 45.21 ശതമാനം ഇപ്പോഴും ബിഎസ്എൻഎല്ലിനെ ആശ്രയിക്കുന്നുണ്ട്. ഇതു കുടി തട്ടിയെടുക്കുക എന്നതാണ് സ്വകാര്യ കമ്പനികളുടെ ലക്ഷ്യം. ഇത് കണക്കിലെടുത്ത് ജീവനക്കാരുടെ സംയുക്ത സംഘടനകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q