സൗദിയിലേക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക്: അഞ്ച് സംശയങ്ങളും മറുപടികളും
റി എൻട്രി വിസ എക്സ്പയറായവർക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന സൗദിയിലേക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കിയ സാഹചര്യത്തിൽ നിരവധി പ്രവാസികൾ വിവിധ സംശയങ്ങളുമായി അറേബ്യൻ മലയാളിയുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. പ്രവാസികൾ സ്ഥിരമായി ഉന്നയിക്കുന്ന അഞ്ച് ചോദ്യങ്ങളും അവക്കുള്ള മറുപടികളും താഴെ കാണാം.
1. റി എൻട്രി വിസയിൽ നാട്ടിൽ പോയ ഒരു വ്യക്തിയുടെ വിസ എക്സ്പയറായാൽ അയാൾക്ക് പിന്നീട് മൂന്ന് വർഷം തികയാതെ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന നിയമ ഭേദഗതി നിലവിൽ വന്നിട്ടുണ്ടോ ?
ഉത്തരം: ഉണ്ട്. സൗദി അധികൃതർ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് സർക്കുലറും വിവിധ മധ്യമങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണവുമെല്ലാം വന്നിട്ടുണ്ട്.
2. ഇത്തരത്തിൽ റി എൻട്രി കാലവധി കഴിഞ്ഞ് മൂന്ന് വർഷം തികയാതെ ആരെങ്കിലും പുതിയ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കൽ ആരംഭിച്ചിട്ടുണ്ടോ ?
ഉത്തരം: ഉണ്ട്. നിരവധി പ്രവാസികൾ ഇത്തരത്തിൽ മൂന്ന് വർഷം തികയാതെ തന്നെ പുതിയ വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കൽ ആരംഭിച്ചിട്ടുണ്ട്.
3. ഇത്തരത്തിൽ റി എൻട്രി എക്സ്പയർ ആയ ഒരാളുടെ ഇഖാമ എക്സ്പയർ ആകാതെ അയാൾക്ക് പുതിയ വിസയിൽ സൗദിയിലേക്ക് പോകാൻ സാധിക്കുമോ ? അങ്ങനെ ആരെങ്കിലും പോയിട്ടുണ്ടോ ?
ഉത്തരം: നിലവിൽ ജവാസാത്തിൻ്റെ വിലക്ക് നീക്കിയ പ്രസ്താവനയിൽ ഇഖാമയുടെ കാര്യം ഒന്നും പറയുന്നില്ല. റി എൻട്രി എക്സ്പയർ ആയ ഒരാൾക്ക് ഏത് സമയവും സൗദിയിലേക്ക് പുതിയ വിസയിൽ വരാം എന്നാണു പറയുന്നത്. ഇഖാമ എക്സ്പയർ ആകാതെ പുതിയ വിസയിൽ സൗദിയിൽ പോയ ചുരുക്കം ചിലർ ഉണ്ട്. എന്നാൽ അത് മാതൃകയാക്കാതെ ഇഖാമ എക്സ്പയർ ആകുന്നത് വരെ കാത്തിരിക്കുന്നതാകും നല്ലത് എന്നാണ് ചില സാമൂഹിക പ്രവർത്തകരുടെ അഭിപ്രായം.
4. ഹുറൂബ് ആയ ആൾക്ക് മുകളിലെ മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കിയ നിയമം ബാധകമാകുമോ ?
ഉത്തരം: നിലവിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കിയ നടപടി റി എൻട്രി വിസയിൽ പോയവർക്ക് മാത്രമാണ് ബാധകം.
5 . ഹുറൂബ് ആയി തർഹീൽ വഴി നാട്ടിൽ പോയവർ പുതിയ വിസകളിൽ സൗദിയിൽ വരുന്നുണ്ടോ ? അവർക്ക് വിലക്ക് നിലവിലുണ്ടോ എന്നറിയാൻ നല്ല മാർഗം ഏതാണ് ?
ഉത്തരം: ഹുറൂബ് ആയി തർഹീൽ വഴി പോയി 10 വര്ഷം കഴിഞ്ഞ് പുതിയ വിസകളിൽ സൗദിയിൽ വന്നവരെ അറിയാം. നിലവിൽ പ്രവേശന വിലക്കുണ്ടോ എന്നറിയാൻ ഏറ്റവും നല്ല മാർഗം എയർപോർട്ട് ജവാസാത്ത് പ്രിന്റ് എടുക്കലാണെന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa