Tuesday, January 28, 2025
വഴികാട്ടി

കുട്ടികളുടെ അഭിരുചിയും ഉന്നതപഠനവും

ഹയർസെക്കണ്ടറി ഫലമറിഞ്ഞു നമ്മുടെ മക്കളുടെ ഉപരിപഠനത്തിലേക്കുള്ള ചുവടുവെപ്പിലാണല്ലോ ഇന്ന് നമ്മളിൽ പലരും;വിദ്യാർഥികൾ ഉന്നതപഠനത്തിന് കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന്റെയും അപേക്ഷിക്കുന്നതിന്റെയും തിരക്കിലാണ്.പലപ്പോഴും മക്കളുടെ അഭിരുചിക്ക് അനുസരിച്ചു കോഴ്സ് തെരഞ്ഞെടുക്കാൻ പല രക്ഷിതാക്കളും തയ്യാറാവുന്നില്ല എന്നത് ഇന്നും ഒരു പരമ സത്യമാണ്; മക്കളുടെ അഭിരുചിക്ക് അനുസരിച്ചു കോഴ്സ് തെരഞ്ഞെടുക്കാൻ നാം അനുവദിക്കണം എന്നിവരുടെ കൂട്ടത്തിലാണ് ഞാൻ….യോജിക്കാം വിയോജിക്കാം..

> ഇന്നും എം.ബി.ബി. എസും,എൻജിനിയറിങും മാത്രം ഉന്നത കോഴ്സ് ആയി കാണുന്നവർ ഒരുപാടു പേരുണ്ട് നമ്മുടെ കൂട്ടത്തിൽ,പ്ലസ്ടു വിനു നല്ല മാർക്ക് കിട്ടിയ കുട്ടിക്ക് എൻട്രൻസ്നു നല്ല റാങ്ക് കിട്ടണമെന്നില്ല;

* എം.ബി.ബി.എസ് ന്റെ കാര്യമെടുത്താൽ പലരും മക്കളെ പ്ലസ്ടു വിനു നല്ല മാർക്കുണ്ടെന്ന് പറഞ്ഞു രണ്ടും മൂന്നും വർഷം റീപീറ്റെഡ് എൻട്രൻസ് കോച്ചിങ് നു വിട്ടു എം.ബി.ബി.എസ് നേടിയെടുക്കാൻ അവരിൽ സമ്മർദ്ദം ചെലുത്തും; കുട്ടികൾക്ക് താങ്ങാവുന്നതിലധികം പഠന ഭാരം അവരുടെ തലയിൽ വെച്ചുകൊടുക്കും;അവസാനം പ്രതീക്ഷിച്ച നിലയിൽ കുട്ടിക്ക് റാങ്ക് കരസ്ഥമാക്കാൻ കഴിയാതാവും,കുട്ടിയുടെ രണ്ടു മൂന്നു വർഷം വെറുതെ നഷ്ടമാവും;ഇതിൽ ചില രക്ഷിതാക്കൾ അവസാനം ഏതെങ്കിലും വിധേയനാണെങ്കിലും സെൽഫ് ഫിനാൻസ് കോളേജുകളിൽ അവരെ എം.ബി.ബി.എസ് നു കൊണ്ട് പോയി ചേർക്കും.ഇവരിൽ നിന്ന് പഠിച്ചിറങ്ങുന്ന നല്ലൊരു പങ്കും ജീവിത ലക്ഷ്യം നേടിയെടുക്കാൻ ബുദ്ധിമുട്ടുന്നുവരാണ്എന്നതാണ് നമ്മുക്ക് മുമ്പിലുള്ള സത്യം.

* അതെ സമയം വീട്ടുകാരുടെ ഒരു നിർബന്ധവുമില്ലാതെ തന്നെ എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടി എം.ബി.ബി.എസ് നു സീറ്റ് നേടിഎടുക്കുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ട് ;ഒരു സമ്മർദ്ദവുമില്ലാത്തത് കൊണ്ടുതന്നെ അവർക്ക് അവരുടെ പഠനകാര്യങ്ങളിൽ മികവ് പുലർത്തി മുമ്പോട്ട് പോകാൻ കഴിയും.

> മെഡിക്കല്‍ മേഖലയെന്നാല്‍ മാനുഷിക മൂല്യങ്ങളോടെ, തുല്യ പരിഗണനയില്‍ ആരോഗ്യകരമായ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ പരിചാരകരായി പ്രവര്‍ത്തിക്കുക എന്നതാണ് നാം മനസിലാക്കിയിട്ടിട്ടുള്ളത്.

* വൈദ്യശാസ്ത്രമെന്നാല്‍ വെറുമൊരു എം.ബി.ബി.എസില്‍ മാത്രം ഒതുങ്ങുന്നതല്ല.വളരെ പെട്ടന്ന് വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു മേഖല എന്ന നിലയിൽ ഉപരിപഠനത്തിലേക്കുള്ള കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ അതോടൊപ്പം ജോലി സാധ്യതകളും നാം വിലയിരുത്തേണ്ടതാണ്.എം.ബി.ബി.എസ് ഇല്ലാതെ തന്നെ മെഡിക്കല്‍ മേഖലയില്‍ താരങ്ങളാവാം. ഒരു ചെറിയ ഉദാഹരണം നൽകി വിവരിക്കുന്നു,ഹയര്‍ സെക്കണ്ടറി, ബയോളജി സയന്‍സ് പൂര്‍ത്തിയാക്കിയവർക്ക് മെഡിക്കല്‍ മേഖലയില്‍, മരുന്നുകള്‍, രോഗങ്ങള്‍, രോഗ നിര്‍ണ്ണയം, ഔഷധ ഗവേഷണം, തുടങ്ങിയവയില്‍, മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സ്, ബാച്‌ലർ ഡിഗ്രി കോഴ്‌സ്, മാസ്റ്റര്‍ ഡിഗ്രി കോഴ്‌സ്, തുടങ്ങിയ ചെറിയ കാലാവധി മുതല്‍ വലിയ കോഴ്‌സുകള്‍ വരെ ഈ മേഖലയില്‍ ചെയ്യാവുന്നതാണ്. നീറ്റ് അല്ലാതെ പല യൂണിവേഴ്‌സിറ്റികളും അവരുടെ ഇഷ്ടാനുസരണം പരീക്ഷ നടത്തി പ്രവേശനം നൽകുന്നുണ്ട്. AIIMS, JIPMER PG, തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
വളരെ പെട്ടന്ന് ആരോഗ്യ മേഖല വളര്‍ന്ന് കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ ജോലി സാധ്യതകളും അനുയോജ്യമായ ശമ്പളവും പ്രതീക്ഷ നൽകുന്നതാണ്. ഒരു എം.ബി.ബി.എസ് ഡോക്ടറേക്കാൾ ഏറെ ശമ്പളം വാങ്ങിക്കാൻ ഇത്തരക്കാർക്ക് കഴിയും.

* ഇനി എൻജിനിയറിങ് ന്റെ കാര്യത്തിലേക്ക് വന്നാൽ നല്ല കോളേജും നല്ല സ്ട്രീമും അല്ലെങ്കിൽ പ്ലേസ്മെന്റ് എന്നത് പലർക്കും കിട്ടാക്കനിയാണ്.
കേരളത്തിൽ കഴിഞ്ഞ വർഷത്തെ പ്രവേശന നടപടികൾ അവസാനിച്ചപ്പോൾ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ പകുതിയിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടന്നതിന്റെ ഭാഗമായി എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനം കൊടുക്കാൻ സർക്കാർ തയ്യാറായി,തൊട്ടടുത്ത തമിഴ്നാട്ടിലെയും സ്ഥിതി വ്യത്യസ്ഥമല്ല.കേരളത്തിൽ നിന്ന് എൻജിനിയറിങ് പഠിച്ചിറങ്ങുന്ന പകുതിലധികം പേരും ജോലി കിട്ടാൻ ബുദ്ധിമുട്ടുന്നവരാണ്,അവസാനം കിട്ടിയ ജോലിക്ക് പോകുന്നവരുമുണ്ട്. അഭിരുചിക്കനുസരിച്ചുള്ള പഠനമേഖലയാണ് മടുപ്പനുഭവിക്കാതെ ഉത്സാഹത്തോടെ പഠിക്കാൻ ഓരോ വിദ്യാർഥിയും തിരഞ്ഞെടുക്കേണ്ടത്.

* പൊതുവായി പറഞ്ഞാൽ എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സുകൾ പഠിച്ച് പിന്നീട് ജോലിക്കായി പരക്കം പായുന്നതാണ് നമ്മൾ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സിന്റെ പുറകെ പോകുമ്പോൾ നല്ല ജോലി കിട്ടാനുള്ള സാധ്യതയും കുറയും. ഉയർന്ന ജോലി ഉറപ്പാക്കാവുന്നതും എളുപ്പത്തിൽ പഠിക്കാവുന്നതും അധിക പഠനച്ചിലവില്ലാത്തതുമായ കോഴ്സുകളെക്കുറിച്ച് അന്വേഷിച്ചു നമ്മുടെ കുട്ടികളുടെ അഭിരുചികൂടി നോക്കി അവരെ ഉന്നത വിദ്യഭ്യാസത്തിനു പ്രേരിപ്പിക്കുക,അവരുടെ ജീവിതലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുക എന്നതും ഓരോ രക്ഷിതാവിന്റെയും കടമയാണ്.

> വിദ്യാഭ്യാസ കാര്യത്തിൽ വലിയ തുക ചിലവഴിക്കുന്നത് മാത്രമല്ല മാതാപിതാക്കളുടെ കടമ എന്ന് ഓർമ്മ വേണം. അവരുടെ ഉള്ളിലെ കഴിവുകൾ കണ്ടെത്താനും അതിനനുസരിച്ചുള്ള അവസരങ്ങൾ പരിചയപ്പെടുത്താനും മാതാപിതാക്കളാണ് മുൻകൈയ്യെടുക്കേണ്ടത്. എന്നാൽ, മാതാപിതാക്കളുടെ ഇഷ്ടത്തിനല്ല കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന ബോധ്യം ഇക്കൂട്ടർ ആർജ്ജിച്ചെടുക്കണം,അങ്ങിനെ ചെയ്‌താൽ നമ്മുക്ക് നല്ലൊരു ഫലവും പ്രതീക്ഷിക്കാനാവും.
നൗഷാദ് വെങ്കിട്ട.ജിദ്ദ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്