പ്രവാസികൾ ആവേശത്തോടെ ഏറ്റെടുത്ത മണ്ഡലങ്ങളിലെല്ലാം വൻ ഭൂരിപക്ഷം
പ്രവാസി വോട്ട് എന്ന ആശയം ഒരു ബാലികേറാമലയായി തുടരുമ്പോഴും, നാടിന്റെ ഓരോ തിരഞ്ഞെടുപ്പിനെയും നാട്ടുകാരേക്കാൾ ആവേശത്തോടെ ഉറ്റുനോക്കുന്നവരാണ് പ്രവാസികൾ, പ്രത്യേകിച്ചും ഗൾഫ് പ്രവാസികൾ.
കഴിയുന്നതും നാട്ടിൽ നടക്കുന്ന ഓരോ ആഘോഷങ്ങളിലും പങ്കെടുക്കുക എന്നത് ഓരോ പ്രവാസിയുടെയും സ്വപ്നമാണ്. അതുപോലെ തന്നെയാണ് നാട്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളും.
ഇത്തവണയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നിരവധി പ്രവാസികളാണ് നാട്ടിലേക്ക് പറന്നത്, അതിൽ തന്നെ പലരും കുടുംബ സമേതമാണ് സമ്മതിദാനാവകാശം നിർവഹിക്കാനെത്തിയത്.
ഏറ്റവും കൂടുതൽ പ്രവാസികൾ വോട്ട് രേഖപ്പെടുത്താനെത്തിയത് പ്രത്യകിച്ചും നാല് മണ്ഡലങ്ങളിലേക്കാണ്. മലപ്പുറം, പൊന്നാനി, വടകര, വയനാട്. ഇതിൽ ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു വടകരയിലേത്.
യു ഡി എഫ് തൂത്തുവാരിയ തിരഞ്ഞെടുപ്പിൽ ഈ നാല് മണ്ഡലങ്ങളിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാല് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷത്തിനാണ് സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത്.
മുരളീധരൻ തൃശൂരിലേക്ക് മാറി ഷാഫി വടകരയിൽ മത്സരിക്കാൻ വന്നതോടെ കേരളം തന്നെ വടകരയിലേക്ക് ചുരുങ്ങിയത് പോലെയായിരുന്നു മണ്ഡലത്തിലെ ഇരു മുന്നണികളുടെയും പ്രവർത്തനങ്ങൾ.
വ്യാജ വീഡിയോകളും, വ്യാജ സ്ക്രീൻഷോട്ടുകളും മുതൽ വർഗീയ പരാമർശങ്ങൾ വരെ വിഷയമായ തിരഞ്ഞെടുപ്പിൽ, അതെല്ലാം അതിജീവിച്ചാണ് വമ്പിച്ച ഭൂരിപക്ഷത്തോടെ ഷാഫി പറമ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയത്.
പരമാവധി വോട്ടുകൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നിരവധി പ്രവാസികൾ വോട്ടെടുപ്പിന്റെ തലേ ദിവസം വരെയായി നാട്ടിലെത്തി.
കെ എം സി സിയുടെ നിരവധി വോട്ട് വിമാനങ്ങളാണ് വോട്ടർമാരെയും കൊണ്ട് ഗൾഫിൽ നിന്നും നാട്ടിലേക്ക് പറന്നത്. ഇഷ്ട സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിപ്പിച്ച പെട്ടികളുമായാണ് ഭൂരിപക്ഷം പേരും കരിപ്പൂരിൽ വിമാനമിറങ്ങിയത്.
അതിൽ തന്നെ ഏറ്റവും ആവേശം നിറഞ്ഞ വടകരയിലെ തങ്ങളുടെ സ്ഥാനാർഥി ഷാഫിയുടെ വിജയത്തിൽ പങ്കാളികളാകാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ്, നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa