സൗദിയിൽ ഇഖാമക്കും കഫാല മാറ്റത്തിനും റി എൻട്രിക്കും മറ്റും തൊഴിലാളി സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകിയിട്ടുണ്ടെങ്കിൽ കഫീലിൽ നിന്ന് അവ തിരികെ ലഭിക്കൽ അയാളുടെ അവകാശം
സൗദിയിലെ വിദേശ തൊഴിലാളികൾ പലപ്പോഴും തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയാതെ പോകുന്ന നിരവധി സാഹചര്യങ്ങളുണ്ട്.
ഒരു വിദേശ തൊഴിലാളിയെ സൗദിയിലേക്ക് കൊണ്ട് വരുന്നത് മുതൽ തൊഴിലാളി സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോകുന്നത് വരെയുള്ള കാലയളവിൽ സ്പോൺസർ വഹിക്കേണ്ട തൊഴിലാളിയുടെ ചെലവുകൾ നിരവധിയാണ്.
എന്നാൽ, ചില തൊഴിലുടമകൾ ഇഖാമ പുതുക്കാനും കഫാല മാറാനും മറ്റുമുള്ള ചെലവുകൾ തങ്ങളിൽ നിന്ന് ഈടാക്കുന്ന വിവരം പല പ്രവാസികളും അറേബ്യൻ മലയാളിയുമായി പങ്ക് വെക്കാറുണ്ട്. എന്നാൽ ഇത് സൗദി തൊഴിൽ നിയമത്തിന്റെ പ്രകടമായ ലംഘനമാണെന്ന് നിയമ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
കാരണം, സൗദി തൊഴിൽ നിയമം ആർട്ടിക്കിൾ 40 പ്രകാരം, സൗദി ഇതര തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ്, ഇഖാമ, വർക്ക് പെർമിറ്റ് ഫീ, വർക്ക് പെർമിറ്റ് പുതുക്കൽ, കാലതാമസം വരുത്തുന്നത് മൂലമുള്ള പിഴകൾ, പ്രൊഫഷൻ മാറ്റുന്നതിനുള്ള ഫീസ്, റി എൻട്രി ഫീസ് ,തൊഴിൽ കരാർ അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളിയെ അവന്റെ നാട്ടിലേക്ക് തിരികെ അയക്കാനുള്ള ടിക്കറ്റ്, തന്റെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറാൻ ആഗ്രഹിക്കുന്ന തൊഴിലാളിയുടെ സ്പോൺസർഷിപ്പ് മാറ്റുന്നതിനുള്ള ഫീസ് എന്നിവയെല്ലാം സ്പോൺസർ തന്നെയാണ് പൂർണ്ണമായും വഹിക്കേണ്ടത്.
അതേ സമയം , ഏതെങ്കിലും വിദേശ തൊഴിലാളി ആർട്ടിക്കിൾ 40 ൽ പറഞ്ഞ, ഇഖാമ പുതുക്കാനും കഫാല മാറാനും മറ്റുമുള്ള തുക സ്വന്തം പോക്കറ്റിൽ നിന്ന് നൽകിയിട്ടുണ്ടെങ്കിൽ അയാൾ തൊഴിൽ കരാർ അവസാനിപ്പിച്ചാൽ പോലും ആ തുക കഫീലിൽ നിന്ന് തിരികെ ലഭിക്കൽ അയാളുടെ അവകാശത്തിൽ പെട്ടതാണ്.
അതോടൊപ്പം, തൊഴിലാളിയെ നഷ്ടപരിഹാരം നൽകാതെ പിരിച്ച് വിടേണ്ട സാഹചര്യം ഉണ്ടെങ്കിൽ പോലും ഇഖാമക്കും കഫാലക്കും മറ്റുമായി തൊഴിലാളി പണം നൽകിയിട്ടുണ്ടെങ്കിൽ തൊഴിലുടമ ആ തുക നൽകാൻ ബാധ്യസ്ഥനാണെന്നാണ് നിയമ വിദഗ്ധർ വ്യക്തമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa