Saturday, November 23, 2024
Saudi ArabiaTop Stories

ഈ വർഷത്തെ അറഫാ പ്രഭാഷണം നിർവ്വഹിക്കുന്ന ശൈഖ് മാഹിർ അൽ മുഐഖലിയെക്കുറിച്ച് അറിയാം

അറഫ: പരിശുദ്ധ ഹജ്ജിലെ എറ്റവും പ്രധാനപ്പെട്ട അറഫ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന അറഫ പ്രഭാഷണം നിർവ്വഹിക്കുന്നത് ഹറം ഇമാം ശൈഖ് മാഹിർ ബിൻ ഹമദ് അൽ മുഐഖലിയാണ്.

1969 ജനുവരി 7 ന് മദീനയിൽ ജനിച്ച അൽ-മുഐഖലി ഗണിതശാസ്ത്ര അധ്യാപകനും കൂടിയാണ്. മദീനയിലെ ടീച്ചേഴ്സ് കോളേജിൽ പഠിച്ചു, അവിടെ നിന്ന് ഗണിതശാസ്ത്ര അധ്യാപകനായി ബിരുദം നേടി.

മക്കയിൽ അദ്ധ്യാപകനായി ജോലിക്ക് പോകുന്നതിന് മുമ്പ്, മക്കയിലെ പ്രിൻസ് അബ്ദുൽ മജീദ് സ്കൂളിൽ സ്റ്റുഡൻസ് മെന്റർ ആയി,  അൽ ഖുറ യൂണിവേഴ്സിറ്റിയിലെ ശരീഅ കോളേജിൽ നിന്ന് ഹിജ്റ 1425 ൽ ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഹിജ്റ 1432-ൽ തഫ്സീറിൽ  ഡോക്ടറേറ്റ് നേടി. ഹിജ്റ 1434-ൽ ഫസ്റ്റ് ക്ലാസോടെയും മികച്ച ഗ്രേഡോടെയും ഫിഖ്ഹിൽ ഡോക്ടറേറ്റ് നേടാനും ഉമ്മുൽ ഖുറയിലെ കോളേജ് ഓഫ് ജുഡീഷ്യൽ സ്റ്റഡീസ് ആൻഡ് റെഗുലേഷൻസിൽ ജുഡീഷ്യൽ സ്റ്റഡീസ് ഡിപ്പാർട്ട്‌മെൻ്റിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യാനും ബിരുദാനന്തര, ശാസ്ത്ര ഗവേഷണ വിഭാഗം വൈസ് ഡീൻ ആയി സേവനം ചെയ്യാനും മാഹിർ അൽ-മുഐഖലിക്ക് സാധിച്ചു.

മക്കയിലെ അൽ-അവാലിയിലെ അൽ-സഅദി മസ്ജിദിൽ ഇമാമും ഖത്തീബുമായി സേവനം ചെയ്യുകയും തുടർന്ന് ഹിജ്റ 1426 ലും 1427 ലും അനുഗ്രഹീതമായ റമദാൻ മാസത്തിൽ മദീനയിലെ മസ്ജദുണബവിയിൽ  ആരാധനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ഹിജ്റ 1428 റമദാൻ മാസത്തിൽ, മസ്ജിദുൽ ഹറാമിലെ തറാവീഹിലും തഹജ്ജുദ് നമസ്ക്കാരത്തിലും അദ്ദേഹം ഇമാം ആയി സേവനം ചെയ്തു.  ആ വർഷം മുതൽ ഇന്നുവരെ ഗ്രാൻഡ് മസ്ജിദിൻ്റെ ഔദ്യോഗിക ഇമാമായി സേവനത്തിൽ തുടരുന്നു.

ഇന്ന് നടക്കുന്ന അറഫാ പ്രഭാഷണം മലയാളം അടക്കം 20 ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്