Thursday, December 12, 2024
Saudi ArabiaTop Stories

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ കോടതി വിധി; ഇത് സുമനസ്സുകളായ മലയാളി സമൂഹത്തിന്റെ കൂടെ വിജയം

റിയാദ്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന അബ്ദുൽ റഹീമിന്റെ വധ ശിക്ഷ റദ്ദാക്കിയ കോടതി വിധി മലയാളി സമൂഹത്തിന്റെ കൂടെ വിജയമാണെന്ന് ഉറപ്പിച്ച് പറയാം.

ദിയാ ധനമായ 34 കോടി രൂപ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്ക് കൈമാറിയതിനെത്തുടർന്ന് റഹീമിനു കുട്ടിയുടെ കുടുംബം മാപ്പ് നൽകിയതിനെത്തുടർന്ന് ആയിരുന്നു കോടതി വധ ശിക്ഷ റദ്ദാക്കിയത്.

സുമനസ്സുകളായമലയാളി സമൂഹം ഒന്നിച്ച് റഹീമിന്റെ മോചനത്തിന്  ആവശ്യമായ തുക കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിൽ ഭാഗമാകുകയും പ്രസ്തുത തുക കണ്ടെത്തുകയും ചെയ്തതോടെയായിരുന്നു റഹീമിന്റെ മോചന സാധ്യത തെളിഞ്ഞത്.

ഏതായാലും ഇപ്പോൾ വധശിക്ഷ  റദ്ദാക്കിയതിനാൽ ഇനി റഹീമിന്റെ ജയിൽ മോചനത്തിനുള്ള ഉത്തരവ് മാത്രമാണ് ബാക്കിയുള്ളത്. വൈകാതെ അതുണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

2006 ഡിസംബറിലായിരുന്നു സൗദി ബാലൻ അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി.

കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു.

പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി.

ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു.

പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്.

ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം സമ്മതിച്ചത്.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്