Sunday, November 24, 2024
Saudi ArabiaTop Stories

സൗദി അറേബ്യ 9,600 വിദേശികളെ നാടു കടത്തി; ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 16,500 പേർ പിടിയിൽ

ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 9,600 പേരെ സൗദി അറേബ്യ നാടുകടത്തുകയും, 20,000 ലധികം പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായിട്ടുള്ള നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

ഇവരിൽ 19,300 പേർ പുരുഷന്മാരും, 1,384 പേർ സ്ത്രീകളുമാണ്. 12,200 നിയമലംഘകരെ യാത്രാ രേഖകൾ നേടുന്നതിനായി അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 2,931 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രാ രേഖകൾ തയ്യാറാക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി സംയുക്ത സുരക്ഷാ ഫീൽഡ് കാമ്പെയ്‌നുകളിൽ പുതുതായി 16,500 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം പ്രതിവാര പ്രസ്താവനയിൽ പറഞ്ഞു.

പുതുതായി പിടിയിലായവരിൽ 9, 900 പേർ ഇഖാമ താമസ നിയമ ലംഘകരും, 4,600 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും,1,920 പേർ തൊഴിൽ വ്യവസ്ഥകൾ ലംഘിച്ചവരുമാണ്.

അതിർത്തി ലംഘിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,244 ആയി ഉയർന്നു, അവരിൽ 37% യെമനികളും 60% എത്യോപ്യക്കാരും 3% മറ്റ് രാജ്യക്കാരുമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ക്രമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചതിന് 63 പേരും പിടിയിലായി. നിയമ ലംഘകർക്ക് അഭയം നൽകുകയും അവരെ വാഹനത്തിൽ കൊണ്ടുപോകുകയും ചെയ്ത 3 പേരെയും അറസ്റ്റ് ചെയ്തു.

അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നവർക്ക് രാജ്യത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയോ, അവർക്ക് അഭയം നൽകുകയോ, മറ്റെന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് ഒരു ദശലക്ഷം റിയാൽ വരെ പിഴയും 15 വർഷം വരെ തടവു ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa