സൗദിയിൽ കാലഹരണപ്പെട്ട കോഴിയിറച്ചി സൂക്ഷിച്ച മൂന്ന് വിദേശികൾ അറസ്റ്റിൽ
സൗദിയിൽ കാലഹരണപ്പെട്ടതും, ഉറവിടം വ്യക്തമല്ലാത്തതുമായ കോഴിയിറച്ചി സൂക്ഷിച്ച മൂന്ന് വിദേശികളെ പിടികൂടി അന്വേഷണം നടത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തി.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി നടത്തിയ അന്വേഷണ നടപടികളിൽ പ്രതികൾ 55 ടണ്ണിലധികം കോഴിയിറച്ചി സൂക്ഷിച്ചിരുന്നതായും ഇത് മുഴുവനും കാലഹരണപ്പെട്ടതായിരുന്നു എന്നും അവർ വിശദീകരിച്ചു.
കോഴിയിറച്ചിയുടെ പാക്കേജിംഗ് മാറ്റി വ്യാജമായി നിർമ്മിച്ച പാക്കറ്റിലാക്കി എക്സ്പയറി ഡേറ്റും, ഉൽപാദന സ്ഥലവും തിരുത്തി, വിൽക്കുവാൻ വെച്ച ഇറച്ചിയാണ് പിടിച്ചെടുത്തത്.
ആന്റി-കൊമേഴ്‌സ്യൽ ഫ്രോഡ്, കൊമേഴ്‌സ്യൽ ഡാറ്റാ റെഗുലേഷൻസ് എന്നിവയ്ക്ക് അനുസൃതമായി നിയമപരമായി നിർദ്ദേശിച്ചിരിക്കുന്ന പിഴകൾ ചുമത്തുന്നതിനാണ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
സമാനമായ സംഭവത്തിൽ റിയാദിലെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിൽ എക്സ്പയറി ഡേറ്റ് തിരുത്തി വിൽക്കാൻ ശ്രമിച്ച കോഴിയിറച്ചി പിടികൂടി സ്ഥാപനത്തിന് അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തിയിരുന്നു.
എക്സ്പെയറി ഡേറ്റ് തിരുത്തിയതിന് ശേഷം റെസ്റ്റോറന്റുകളിലേക്കും, ഗ്രോസറി സ്റ്റോറുകളിലേക്കും വിതരണം ചെയ്യാൻ വേണ്ടി സൂക്ഷിച്ചിരുന്ന കോഴിയും ബീഫുമാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പിടിച്ചെടുത്തത്.
മായം കലർന്ന ഭക്ഷണമോ, ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മാർഗങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ, യൂണിഫൈഡ് നമ്പറിൽ (19999) വിളിച്ചോ “തമേനി” ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാൻ അധികാരികൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa