അവസാനം ജയിച്ചത് അർജുനെ കണ്ടെത്തുമെന്ന മനാഫിന്റെ നിശ്ചയദാർഡ്യം
ഷിരൂരിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായി 71 ദിവസത്തിന് ശേഷം അർജുന്റെ മൃതദേഹം ഗംഗാവലി പുഴയിൽ നിന്ന് ഡ്രഡ്ജർ ഉപയോഗിച്ച് പുറത്തെടുക്കുംബോൾ മനാഫ് എന്ന ഒരു വലിയ മനുഷ്യനെ കൂടി അടയാളപ്പെടുത്തുന്ന നിമിഷമായി മാറുകയായിരുന്നു അത്.
അർജുനെ കണ്ടെത്തുമെന്ന പ്രതീക്ഷ ഭൂരിപക്ഷം പേർക്കും നഷ്ടപ്പെട്ടപ്പോഴും കഴിഞ്ഞ 71 ദിവസമായി തന്റെ അർജുനെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു അർജുൻ ഓടിച്ച ലോറിയുടെ ഉടമ കൂടിയായ മനാഫ്.
ഒരു സാധാരണക്കാരനായ ഞാൻ എനിക്ക് കഴിയാവുന്ന വാതിലുകളെല്ലാം അർജ്ജുനെ കണ്ടെത്താനാനായി മുട്ടിയിരുന്നുവെന്ന് ഇന്ന് കണ്ണീരോടെ മനാഫ് ഒരു ചാനൽ പ്രതിനിധിയോട് പറഞ്ഞപ്പോൾ അയാളുടെ കണ്ണിൽ നിന്ന് ഉതിർന്ന് വീണ കണ്ണ് നീരിൽ നിശ്ചയദാർഡ്യത്തിന്റെ നനവുണ്ടായിരുന്നു.
അർജുനുമായിട്ടല്ലാതെ ഞാൻ മടങ്ങില്ലെന്ന അർജുന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചെന്ന് കണ്ണീരോടെ പറയുമ്പോൾ ആ കണ്ണു നീരിനു ഒരു കൂടപ്പിറപ്പിന്റെ സ്നേഹത്തിന്റെയും നനവായിരുന്നു ഉണ്ടായിരുന്നത്.
പലരും പരിഹസിച്ചപ്പോഴും മുന വെച്ച് സോഷ്യൽ മീഡിയകളിൽ കമന്റുകളിട്ടപ്പോഴും പതറാതെ തന്റെ അർജ്ജുനായി ക്ഷമയോടെ പുഴയോരത്ത് കാത്തിരുന്ന മനാഫിനെ കാലത്തിനു അടയാളപ്പെടുത്താൻ ഒരു പേര് മാത്രം മതി… “മനുഷ്യൻ”..!.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa