Monday, November 25, 2024
Dammam

പ്രവാസി കലോത്സവത്തിന് ദമ്മാമില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പര്യവസാനം

പതിനാല് മത്സര ഇനങ്ങള്‍, മുന്നൂറോളം പ്രതിഭകള്‍

ദമ്മാം: നാട്ടിലെ യുവജനോല്‍സവത്തിന്റെ ഗൃഹാതുര സ്മരണകള്‍ തീര്‍ത്ത് കലയുടെ വൈവിധ്യമായ ആവിഷ്‌കാരങ്ങള്‍ പ്രവാസ മണ്ണില്‍ സമര്‍പ്പിച്ചുകൊണ്ട് പ്രവാസി കലോത്സവം 24ന് ദമ്മാമില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പര്യവസാനം.

പ്രവാസി വെല്‍ഫെയര്‍ ദമ്മാം തൃശൂര്‍, എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കലോല്‍സവത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന മുന്നൂറോളം പ്രതിഭകളാണ് വിവിധ മല്‍സരങ്ങളില്‍ മാറ്റുരച്ചത്.

ദമ്മാം സൈഹാത്തില്‍ മനോഹരമായി അണിയിച്ചൊരുക്കിയ മൂന്ന് വേദികളിലായി നടന്ന സമാപന മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ രക്ഷിതാക്കളും കുടുംബങ്ങളുമടക്കം നൂറുകണക്കിനുപേര്‍ സന്നിഹിതരായി.

കോല്‍ക്കളി, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, കവിത, പ്രസംഗം, ലളിതഗാനം, സംഘഗാനം, ഒപ്പന, പ്രച്ഛന്നവേഷം, പെന്‍സില്‍ ഡ്രോയിങ്്, കഥ രചന, കവിത രചന, കാര്‍ട്ടൂണ്‍ രചന തുടങ്ങി പതിനാലിന മത്സരങ്ങള്‍ വിവിധ സ്റ്റേജുകളിലായാണ് നടന്നത്. മത്സരങ്ങളുടെ ബാഹുല്യം പരിഗണിച്ച് രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്.

പ്രവിശ്യയിലെ കലാ, സാംസകാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ വിധികര്‍ത്താക്കളായിരുന്നു. കുട്ടികള്‍ അവതരിപ്പിച്ച വ്യക്തിഗത മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. ലളിതഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങളില് വിജയികളെ നിര്‍ണയിക്കല്‍ വെല്ലുവിളിയായിരുന്നെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

പ്രധാന വേദിയില്‍ നടന്ന ഒപ്പന, സംഘനൃത്തം, മോണോ ആക്ട്, പ്രച്ഛന്ന വേശം തുടങ്ങിയവ നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ ആസ്വദിച്ചത്. മല്‍സര വിജയികള്‍ക്കും, വിധികര്‍ത്താക്കള്‍ക്കും, പരിപാടിയുടെ പ്രായോജകര്‍ക്കും, കലോത്സവവുമായി സഹകരിച്ച പ്രവിശ്യയിലെ വ്‌ളോഗേഴ്‌സിനും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും പ്രവാസി വെല്‍ഫെയര്‍ പ്രവിശ്യാ കമ്മിറ്റി, റീജിയണല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി നേതാക്കള്‍ വിതരണം ചെയ്തു.

കലോത്സവ നഗരിയില്‍ ഒരുക്കിയ ആറോളം ഫുഡ് കോര്‍ട്ടുകള്‍, അബീര്‍ മെഡിക്കല്‍ സെന്ററിന്റെ കീഴില്‍ നടന്ന സൗജന്യ രക്തപരിശോധന തുടങ്ങിയവ നിരവധി പേര്‍ പ്രയോജനപ്പെടുത്തി. സമാപനത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പില്‍ നബീല്‍ കല്ലായി വിജയിയായി.

സമാപന ചടങ്ങില്‍ ഏറണാകുളം-തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സമീയുള്ള കൊടുങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു. പ്രവിശ്യാ കമ്മിറ്റി പ്രസിഡണ്ട് ഷബീര്‍ ചാത്തമംഗലം, ജനറല്‍ സെക്രട്ടറി സുനില സലീം, ദമ്മാം റീജിയണല്‍ പ്രസിഡന്റ് അബ്ദുറഹീം തിരൂര്‍ക്കാട്, ഖോബര്‍ റീജിയണല്‍ പ്രസിഡന്റ് സാബിഖ് കോഴിക്കോട്, ജുബൈല്‍ റീജിയണല്‍ പ്രസിഡന്റ് ശിഹാബ് ജുബൈല്‍, കലോത്സവ ജനറല്‍ കണ്‍വീനര്‍ ബിനാന്‍ ബഷീര്‍, മെഹബൂബ് , ഷൗക്കത്ത് അലി, നബീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് ഫയാസ്, മുഹമ്മദ് യാസിര്‍ (ഷെഹീന്‍ അക്കാദമി), അയ്യൂബ്, അര്‍ഷദ് അലി (അറേബ്യന്‍ ആരോ), അല്‍ബറ ബന്ദറ അബൂസലാമ (ഒ.ജി.ഐ), അനീഷ് (അബീര്‍ മെഡിക്കല്‍), റഷീദ് ഉമര്‍ (ഇറാം എന്‍ജിനീയറിംഗ്) എന്നിവര്‍ സന്നിഹിതരായി.

കലോത്സവത്തിന്റെ വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ഷെരീഫ് കൊച്ചി, ഉബൈദ്, സുബൈര്‍ പുല്ലാളൂര്‍, ജമാല്‍ പയ്യന്നൂര്‍, ബിജു പൂതക്കുളം, മെഹബൂബ്, ജോഷി ബാഷ, നിസാര്‍ വാണിയമ്പലം, ഷജീര്‍ തുനേരി, നാസര്‍ വെള്ളിയത്, ഷക്കീര്‍ ബിലാവിനകത്ത്, സിദ്ദീഖ് ആലുവ, ഫാത്തിമ ഹാഷിം, സിനി അബ്ദുല്‍ റഹീം, നജ്ല സാദത്, അനീസ മെഹബൂബ്, നവാഫ് അബൂബക്കര്‍, ജമാല്‍ കൊടിയത്തൂര്‍, താഹിര്‍, ഫൈസല്‍ കുറ്റ്യാടി, സലാം ജാംജൂം, സാദത്ത്, ഷെമീര്‍ പത്തനാപുരം, അബ്ദുല്ല സൈഫുദ്ദീന്‍, ജംഷാദ് കണ്ണൂര്‍, ആഷിഫ് കൊല്ലം, ഐമന്‍ സഈദ്, അഷ്‌കര്‍ ഗനി തുടങ്ങിയര്‍ നതൃത്വം നല്കി. ഫൗസിയ അനീസ്, അബ്ദുല്‍ കരീം എന്നിവര്‍ അവതരാകരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa