Thursday, November 21, 2024
Saudi ArabiaTop Stories

സൗദിയിൽ താൽക്കാലിക വിസ ദുരുപയോഗം ചെയ്താൽ 50,000 റിയാൽ പിഴ

താൽക്കാലിക വിസ ദുരുപയോഗം ചെയ്താൽ 50,000 റിയാൽ പിഴ ചുമത്താൻ തീരുമാനിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വിസ വിൽക്കുകയോ, മറ്റുള്ളവരുടെ പേരിലേക്ക് മാറുകയോ, അല്ലെങ്കിൽ അനുവദിച്ചതല്ലാത്ത മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നതെല്ലാം ദുരുപയോഗത്തിന്റെ പരിധിയിൽ വരും.

ഈയടുത്താണ് സൗദിയിൽ ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വിസക്കുള്ള വ്യവസ്ഥകൾക്ക് കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സൗദി മന്ത്രിസഭാ അംഗീകാരം നൽകിയത്.

ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വിസകൾക്കും താൽക്കാലിക ജോലികൾക്കുമുള്ള ചട്ടങ്ങൾ 1446 അനുസരിച്ചാണ് മന്ത്രാലയം പുതിയ വിസ നിർദ്ദേശിച്ചത്.

താൽക്കാലിക തൊഴിൽ വിസയ്‌ക്കായി അപേക്ഷകൻ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് വഴി സമർപ്പിച്ച രേഖകളോ, തൻ്റെ വിലാസമോ മറ്റു വിവരങ്ങളോ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ 15,000 റിയൽ പിഴ ഈടാക്കും.

ഹജ്ജ്, ഉംറ സേവനങ്ങൾക്കായിനൽകുന്ന താൽക്കാലിക തൊഴിൽ വിസയുള്ളവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമില്ലെന്നും വിസയിൽ “ഹജ്ജിന് അനുമതിയില്ല” എന്ന വാചകം അറബിയിലും ഇംഗ്ലീഷിലും എഴുതുമെന്നും മന്ത്രാലയം അറിയിച്ചു.

ഹജ്ജ്, ഉംറ സേവനങ്ങൾക്കായി നൽകിയിട്ടുള്ള ഒരു താൽക്കാലിക തൊഴിൽ വിസയെ, മറ്റൊരു ജോലിക്കോ അല്ലെങ്കിൽ സ്ഥിര ജോലിക്കോ വേണ്ടിയുള്ള വിസയായി മാറ്റൽ അനുവദനീയമല്ല.

വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 50,000 റിയാലിൽ കവിയാത്ത പിഴക്ക് പുറമെ 5 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് ഹജ്ജ്, ഉംറ സേവനങ്ങളുടെ ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa