Wednesday, November 27, 2024
DubaiTop Stories

യു എ ഇ പോലീസ് ഉദ്യോഗസ്ഥരുടെ മഹാമനസ്കത, ഒരു ദിവസത്തിൽ രണ്ടു തവണ അനുഭവിച്ച് മലയാളി കുടുംബം.

മരുഭൂമിയിൽ കുടുങ്ങിയ പട്ടാമ്പിക്കാരനായ ബിഷ്‌റുദ്ധീൻ ആണ് ഒരേ ദിവസം രണ്ടു തവണ യു എ ഇ പോലീസിന്റെ സഹായം ലഭിച്ചത്. അൽനഹ്ദയിൽ താമസിക്കുന്ന ബിശ്‌റുദ്ധീൻ, ഭാര്യയോടും, മക്കളോടും, സന്ദർശന വിസയിൽ വന്ന ഭാര്യാമാതാവിനോടുമൊപ്പം ബുധനാഴ്ച രാത്രി പുറത്തിറങ്ങിയതായിരുന്നു. മരുഭൂമിയിൽ റോഡിനോട് ചേർന്ന് മണലിൽകൂടി വാഹനമോടിക്കുന്ന സമയത്ത് വാഹനം മണലിൽ പൂണ്ടുപോവുകയായിരുന്നു.

ടയറിനടിയിലെ മണൽ നീക്കം ചെയ്‌തും കല്ലുകൾ ടയറിനടിയിൽ വെച്ചും പല രീതിയിലും ശ്രമിച്ചെങ്കിലും വാഹനം നീക്കാൻ കഴിഞ്ഞില്ല. അല്പസമയത്തിന് ശേഷം ഒരാൾ സഹായത്തിന് വന്നെങ്കിലും അയാൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രതീക്ഷയറ്റു നിൽക്കുന്ന സമയത്താണ് വലിയ ഒരു ഫോർ വീൽ ഡ്രൈവ് വാഹനം അടുത്തു വന്ന് നിന്നത്. യൂ എ ഇ റെസ്ക്യൂ എന്നെഴുതിയ കോട്ടു ധരിച്ച ഒരാൾ വാഹനത്തിൽ നിന്നും ഇറങ്ങി വന്നു. വിവരങ്ങൾ അറിഞ്ഞ ശേഷം ടയറിലെ കാറ്റഴിച്ചു വിട്ട് വാഹനം നീക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ വാഹനത്തിൽ കെട്ടി വലിച്ചു റോഡിൽ എത്തിച്ചു. എന്നാൽ ടയറിൽ കാറ്റ് കുറവായത് കൊണ്ട് മെയിൻ റോഡിലൂടെ വാഹനം ഓടിച്ചു പോകുന്നത് അപകടകരമായിരിക്കും എന്നും അതുകൊണ്ട് അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ ചെന്ന് ടയറിൽ കാറ്റ് നിറച്ചിട്ടേ പോകാവൂ എന്ന് ഓർമ്മിപ്പിച്ചു . പെട്രോൾ സ്റ്റേഷനിലേക്ക് എത്താനുള്ള ഓഫ് റോഡും പറഞ്ഞു കൊടുത്തു അദ്ദേഹം പോയി. എന്നാൽ അദ്ദേഹം പറഞ്ഞ പെട്രോൾ സ്റ്റേഷനിൽ എത്താൻ അവർക്ക് കഴിഞ്ഞില്ല. വീണ്ടും അവർ മെയിൻ റോഡിലേക്ക് കയറുകയും വളരെ പതുക്കെ വാഹനം ഓടിച്ചു നീങ്ങുകയും ചെയ്യുമ്പോഴാണ് രണ്ടാമത്തെ ഓഫീസർ എത്തുന്നത്.

ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ഒരു വാഹനം ബിശ്‌റുദീന്റെ വാഹനത്തെ മറികടന്ന് വരികയും അദ്ദേഹത്തോട് വണ്ടി നിർത്താൻ പറയുകയും ചെയ്തു. തെല്ലൊരു ഭയത്തോടെ വാഹനം നിർത്തി ഇറങ്ങി ചെന്ന അദ്ദേഹത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ഒരു പോലീസുകാരൻ ഇറങ്ങി വന്നു. കാറ്റില്ലാത്ത ടയറുമായി യാത്ര ചെയ്യുന്നത് അപകടം പിടിച്ചതാണെന്ന് പറയുകയും സ്റ്റെപ്പിനി ഉണ്ടെങ്കിൽ മാറ്റിത്തരാം എന്നും പറഞ്ഞു. എന്നാൽ ഒരു പോലീസുകാരനെ കൊണ്ട് ടയർ മാറ്റിക്കുന്നത് എങ്ങനെ എന്ന വിചാരിച്ചു ബിഷ്‌റുദ്ധീൻ ആരെയെങ്കിലും വിളിക്കാം എന്നു പറഞ്ഞു. എന്നാൽ അത് അനുവദിക്കാതെ, പോലീസുകാരൻ തന്നെ ടൂൾസ് എല്ലാം എടുത്ത് ടയർ മാറ്റിക്കൊടുത്തു. മാറ്റിക്കഴിഞ്ഞ് ടൂൾസ് എല്ലാം പാക്ക് ചെയ്ത് യഥാസ്ഥാനത്ത് തന്നെ വെച്ചുകൊടുത്ത് കുട്ടികളോട് യാത്ര പറഞ്ഞ് ഹിന്ദിയിൽ രണ്ട് വാക്ക് സംസാരിച്ച് അദ്ദേഹം പോയി.

കഴിഞ്ഞ ദിവസം ഒരു കാറിന്റെ പഞ്ചറായ ടയർ മാറ്റിക്കൊടുക്കുന്ന മറ്റൊരു പോലീസുകാരന്റെ വീഡിയോ വൈറൽ ആയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa