ഗൾഫ് രാജ്യങ്ങളിൽ നോമ്പ് തുടങ്ങുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി ജ്യോതിശാസ്ത്ര ഗവേഷകർ
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഈ വർഷം റമദാൻ ആരംഭിക്കുന്നതും, പെരുന്നാളും എന്നായിരിക്കുമെന്ന് വ്യക്തമാക്കി ജ്യോതിശാസ്ത്ര ഗവേഷകർ.
നിഗമനമനുസരിച്ച് ഹിജ്റ1446 റമദാനിന്റെ ആദ്യ ദിവസം 2025 മാർച്ച് 1 ശനിയാഴ്ച ആയിരിക്കുമെന്ന് ഗവേഷകൻ മജീദ് മംദൂഹ് അൽ-റഖിസ് വ്യക്തമാക്കി.
എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും മാർച്ച് 1 ന് റമദാൻ ആരംഭിക്കുമെന്ന് കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഖസീം സർവകലാശാലയിലെ മുൻ കാലാവസ്ഥാ പ്രൊഫസർ ഡോ. അബ്ദുല്ല അൽ-മുസ്‌നദും, വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നത് മാർച്ച് 1 ശനിയാഴ്ചയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
മക്കയിൽ ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം റമദാനിലെ ചന്ദ്രക്കല പടിഞ്ഞാറൻ ചക്രവാളത്തിൽ ഏകദേശം 33 മിനിറ്റ് നിലനിൽക്കുമെന്നും, അന്തരീക്ഷം മേഘങ്ങളിൽ നിന്നും പൊടിയിൽ നിന്നും മുക്തമാണെങ്കിൽ റമദാൻ ചന്ദ്രക്കല കാണാൻ സാധ്യതയുണ്ടെന്നും അൽ-മുസ്നദ് കൂട്ടിച്ചേർത്തു.
വിശുദ്ധ മാസവും ഗ്രിഗോറിയൻ മാസവും ഒരേ ദിവസം ആരംഭിക്കുന്നതിനാൽ, റമദാൻ മാസം മാർച്ച് മാസവുമായി സംയോജിച്ച് വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം റമദാൻ മാസം 29 ദിവസമായിരിക്കുമെന്നും ഈദുൽ ഫിത്തർ 2025 മാർച്ച് 30 ഞായറാഴ്ച ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa