ഇസ്രായേലിന് കൈമാറിയ മൃതദേഹം ഫലസ്തീൻ യുവതിയുടേത്? വിശദീകരണം നൽകി ഹമാസ്
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ഇസ്രായേലിന് കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന് ഫലസ്തീൻ യുവതിയുടേതാണെന്ന ഇസ്രായേൽ ആരോപണത്തിന് മറുപടി നൽകി ഹമാസ്.
ബന്ദികളാക്കപ്പെട്ടിരുന്ന രണ്ടു കുട്ടികളുടെയും, ഇവരുടെ മാതാവ് ഷിരി ബിബാസിന്റെയും 84 വയസ്സുകാരനായ ഒരു ഇസ്രായേൽ പൗരന്റെയും മൃതദേഹമാണ് ഹമാസ് ഇന്നലെ ഇസ്രായേലിന് കൈമാറിയത്.
എന്നാൽ ഇതിൽ ഷിരി ബിബാസിന്റെ മൃതദേഹത്തിന് പകരം വിട്ടുനൽകിയത് മറ്റേതോ സ്ത്രീയുടെ മൃതദേഹമെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ബന്ദികൾ മറ്റു ഫലസ്തീനികളുടെ ഒപ്പം കഴിഞ്ഞിരുന്നതിനാൽ മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് പിശക് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്നും ഇത് പൂർണ്ണ ഗൗരവത്തോടെ പരിശോധിക്കുകയാണെന്നും ഹമാസ് പറഞ്ഞു.
ഇസ്രായേൽ ബോംബിട്ടു തകർത്ത ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മറ്റ് ആളുകളുടെ അവശിഷ്ടങ്ങളുമായി കലർന്ന നിലയിലാണ് ബന്ദിയാക്കപ്പെട്ട സ്ത്രീയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതെന്ന് ഹമാസ് വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ ശരീരഭാഗങ്ങൾ ആയിട്ടാണ് ലഭിച്ചിരുന്നത്. നിരന്തരമായ വ്യോമാക്രമണത്തിനിടയിൽ ഈ ശരീരഭാഗങ്ങൾ പലതും പ്ലാസ്റ്റിക് ബാഗുകളിലാക്കിയാണ് ആളുകൾ ആശുപത്രികളിലേക്ക് കൊണ്ടുവന്നിരുന്നത്.
15 മാസത്തെ ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിൽ എന്താണ് ഗാസയിൽ സംഭവിച്ചത് എന്നതിന്റെ ഒരു സൂചന മാത്രമാണിത്.
അന്വേഷണത്തിന്റെ ഫലങ്ങൾ മധ്യസ്ഥരെ അറിയിക്കുമെന്നും, പലസ്തീൻ സ്ത്രീയുടേതാണെന്ന് ഇസ്രായേൽ അവകാശപ്പെടുന്ന മൃതദേഹം തിരികെ നൽകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa