Saturday, April 26, 2025
Saudi ArabiaSportsTop Stories

ചരിത്രനേട്ടം; ആദ്യമായി ഒരു സൗദി വനിത അറബ് ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

റിയാദ്: ചരിത്രം കുറിച്ചുകൊണ്ട് അറബ് ബാഡ്മിന്റൺ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി ഒരു സൗദി വനിത തിരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ നടന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷന്റെ ജനറൽ അസംബ്ലി യോഗത്തിലായിരുന്നു ഈ ചരിത്രപരമായ തിരഞ്ഞെടുപ്പ്.

മായ് ബിൻത് ഉബൈദ് അൽ റാഷിദ് എന്ന സൗദി വനിതയാണ് ഈ ഉന്നത സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്, ആദ്യമായിട്ടാണ് ഒരു സൗദി വനിത ഈ സുപ്രധാന പദവി വഹിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ഇറാഖി സ്ഥാനാർത്ഥി ഫാൻ ഷാക്കി യൂസഫിനെ പരാജയപ്പെടുത്തിയാണ് മായ് ബിൻത് ഉബൈദ് അൽ റാഷിദ് വിജയം നേടിയത്. യൂസഫിന് എട്ട് വോട്ടുകൾ ലഭിച്ചപ്പോൾ, അൽ-റാഷിദിന് 10 അംഗങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞു.

ഗൾഫ് മേഖലയിലെയും വിശാലമായ അറബ് കായിക ലോകത്തെയും പ്രമുഖ വ്യക്തിത്വങ്ങൾ മായ് ബിൻത് ഉബൈദ് അൽ റാഷിദിൻ്റെ ഈ നേട്ടത്തെ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.

പ്രാദേശിക കായിക രംഗത്ത് നേതൃത്വ സ്ഥാനങ്ങളിൽ സൗദി വനിതകളുടെ സാന്നിധ്യം ശക്തമാക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പായാണ് ഈ വിജയത്തെ അവർ വിലയിരുത്തുന്നത്.

കഴിഞ്ഞ 2018 മുതൽ ഫെഡറേഷന്റെ പ്രസിഡന്റായി മികച്ച സേവനം കാഴ്ചവെച്ച ഡോ. സൗസാൻ ഹാജി തഖാവി മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് അൽ-റഷീദിന് ഈ അവസരം ലഭിച്ചത്.

ഡോ. സൗസാൻ്റെ ഭരണകാലത്ത് ഫെഡറേഷൻ സാങ്കേതികപരവും സംഘടനാപരവുമായ തലങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa